ദേശീയപാത 45 മീറ്ററില്‍ തന്നെ: ഭൂമിയേറ്റെടുക്കല്‍ നടപടി ഉടന്‍
മലപ്പുറം: ദേശീയപാത 66 ഇടിമുഴിക്കല്‍ മുതല്‍ കാപ്പിരിക്കാടുവരെ വീതികൂട്ടി നവീകരിക്കാന്‍ സ്ഥലമേറ്റെടുക്കാന്‍ ഉടന്‍ നടപടിയാരംഭിക്കും. റോഡിന്റെ കരട് രൂപരേഖയ്ക്ക് പൊതുമരാമത്ത് വകുപ്പ് അംഗീകാരം നല്കി. ഇനി ദേശീയപാതാ അതോറിറ്റി തുടര്‍ നടപടിയെടുക്കണം.
നാല്‍പ്പത്തിയഞ്ചുമീറ്റര്‍ വീതിയില്‍ ദേശീയപാത നവീകരിക്കാന്‍ നടപടിയാരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും വിവിധ കാരണങ്ങളാല്‍ മെല്ലെപ്പോക്കായിരുന്നു. ഇടിമുഴിക്കല്‍മുതല്‍ കാപ്പിരിക്കാടുവരെ 76.60 കിലോമീറ്ററാണ് മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്നത്. 2009-ല്‍ അലൈന്മെന്റ് നിശ്ചയിച്ചിരുന്നു. മെയ് ആറിന് ജനപ്രതിനിധികളുമായുള്ള ചര്‍ച്ചക്കുശേഷം തയാറാക്കിയ പുതുക്കിയ അലൈന്മെന്റ് ജൂലൈയില്‍ കലക്ടര്‍ പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിച്ചിരുന്നു. വിശദപഠനത്തിനുശേഷം ഇതിന് നവംബര്‍ 10ന് സര്‍ക്കാര്‍ അംഗീകാരംനല്‍കി. കഴിഞ്ഞദിവസം മലപ്പുറം കലക്ടറേറ്റില്‍ കലക്ടര്‍ അമിത് മീണയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ദേശീയപാത- പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ യോഗം തുടര്‍ നടപടി ചര്‍ച്ചചെയ്തു.
കൊണ്ടോട്ടി, തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളിലായി 24 വില്ലേജുകളിലൂടെയാണ് മലപ്പുറം ജില്ലയില്‍ എന്‍എച്ച് 17 കടന്നുപോകുന്നത്. സ്ഥലം ഏറ്റെടുക്കല്‍ നടപടിക്കും മറ്റുമായി 2009-ല്‍ കോട്ടക്കലില്‍ സംസ്ഥാന സര്‍ക്കാര്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേകം ഓഫീസ് തുറന്നിരുന്നു. തഹസില്‍ദാര്‍മാരും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും ഉള്‍പെടെ 52 ജീവനക്കാരും ഇവിടെയുണ്ട്. എസ് ജയശങ്കര്‍ പ്രസാദാണ് ഡെപ്യൂട്ടി കലക്ടര്‍.
അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയതോടെ തുടര്‍പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് ലാന്‍ഡ് അക്വിസിഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഗസറ്റിലും പത്രങ്ങളിലും 3എ പ്രകാരം ദേശീയപാത അതോറിറ്റി കരട് വിജ്ഞാപനം പുറപ്പെടുവിക്കും. ഇതുസംബന്ധിച്ച പരാതികള്‍ രേഖപ്പെടുത്താന്‍ 21 ദിവസംവരെ അനുവദിക്കും. തുടര്‍ന്ന് പരാതികേള്‍ക്കും, ഒപ്പം സര്‍വേയും ആരംഭിക്കും. ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയും ഇതോടൊപ്പം നിശ്ചയിക്കും. സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിലനില്‍ക്കുന്ന മൂന്നുവര്‍ഷത്തെ വിപണിവിലയുടെ അടിസ്ഥാനത്തിലാണ് വിലനിശ്ചയിക്കുക. വിളകള്‍ക്കും കെട്ടിടങ്ങള്‍ക്കും പ്രത്യേകം വില നിര്‍ണയിക്കും. തുടര്‍ന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ കൃത്യമായ രൂപരേഖയുള്‍ക്കൊള്ളുന്ന 3 ഡി വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കും. ഒപ്പം ഇവയുടെ നഷ്ടപരിഹാരവും പാസാക്കും. ബംഗളൂരുവിലെ ഫീഡ്ബാക്ക് ഇന്‍ഫ്രാ എന്ന സ്ഥാപനത്തിനാണ് റോഡിന്റെ വിശദ രൂപരേഖ (ഡിപിആര്‍) തയാറാക്കാനുള്ള ചുമതല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here