തിണ്ടലം വാർഡിൽ ഉപതിരഞ്ഞെടുപ്പ് ജനുവരി 11ന്: പെരുമാറ്റച്ചട്ടം നിലവിൽ വന്നു
എടയൂർ: എടയൂർ പഞ്ചായത്തിൽ വാർഡ് 16ൽ ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. 2018 ജനുവരി 11 വ്യാഴായ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബുധനാഴ്ച നിലവിൽ വന്നു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റും സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന അഡ്വ. കമലാസനന്റെ നിര്യാണത്തെത്തുടർന്നാണ് 16ആം വാർഡായ തിണ്ടലത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥിയായി പി.ടി അനിൽകുമാറും യു.ഡി.എഫ് സ്ഥാനാർഥിയായി കെ.കെ മോഹനകൃഷ്ണനുമാണ് മത്സരത്തിനുള്ളത്. കരുത്തനായ യുവ നേതാവിനെ ബി.ജെ.പിയും കളത്തിലിറക്കുന്നു.
കഴിഞ്ഞ തവണ 86 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ കെ കമലാസനൻ വിജയിച്ചത്. 19 വാർഡുകൾ ഉള്ള എടയൂർ പഞ്ചായത്തിൽ 8 വീതം സീറ്റുകൾ യു ഡി എഫിനും എൽ.ഡി.എഫുനും നേടാനായി. ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചു. ബി.ജെ.പി അംഗം വിട്ട് നിന്നതിനാൽ വൈസ് പ്രസിഡന്റ്, പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നറുക്കെടുപ്പിലൂടെയാണ് പഞ്ചായത്തിനെ ചരിത്രത്തിൽ ആദ്യമായി എൽ.ഡി.എഫ് അധികാരത്തിലെത്തിയത്.
വികസനങ്ങൾ മുന്നോട്ട് വച്ച് തിരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണം ഉറപ്പിക്കാനായിരിക്കും എൽ.ഡി.എഫ് പക്ഷം പ്രതീക്ഷിക്കുന്നത്. എന്നാൽ കഴിഞ്ഞ നാലു തവണ കൈവിടാത്ത വാർഡ് ഇത്തവണയും കൈപിടിയിൽ ഒതുക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് പാളയം.
പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഗ്രാമസഭകൾ ഉണ്ടായിരിക്കുന്നതല്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here