നഗരതൊഴിലുറപ്പ് പദ്ധതി രാജ്യത്തിന് മാതൃക – ഡോ.കെ.ടി ജലീൽ
വളാഞ്ചേരി: കേരള സര്‍ക്കാർ ആരംഭിച്ച അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ പ്രസ്താവിച്ചു. നഗര പ്രദേശങ്ങളിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് സമാനമായ പദ്ധതി നടപ്പിലാക്കുവാൻ കേന്ദ്ര സര്‍ക്കാർ തയ്യാറാകാതിരുപ്പോൾ കേരള സര്‍ക്കാർ സ്വന്തം പണം മുടക്കിയാണ് നഗരവാസികള്‍ക്കായി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ആ പദ്ധതി വളാഞ്ചേരി നഗരത്തിലും ആരംഭിക്കുവാൻ തീരുമാനിച്ച നഗരസഭ കൗൺസിൽ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളാഞ്ചേരി നഗരസഭയിൽ ആരംഭിക്കുന്ന നഗരതൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കക്ഷി രാഷ്ട്രീയ ഭേദമന്യെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഒരുമിപ്പിച്ച് കൊണ്ടുപോവുകയാണ് സര്‍ക്കാരിന്റെ നയം എന്ന് അദ്ദേഹം വ്യക്തമാക്കി. അര്‍ഹരായ മുഴുവൻ കുടുബങ്ങളേയും കുടുബശ്രീ പദ്ധതിയിൽ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരിപാടികൾ ആവിഷ്‌കരിച്ചു വരികയാണ്. കുടുംബശ്രീയുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന ഹരിത കര്‍മ സേന മാലിന്യ സംസ്‌കരണ രംഗത്തെ പുതിയ തുടക്കമാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. വളാഞ്ചേരിയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി നിലവിലുള്ള ഓടകൾ നികത്തി ഐറിഷ് മോഡൽ പദ്ധതി ആവിഷ്‌കരിക്കാനുള്ള നഗരസഭ തീരുമാനത്തെ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ 589 പേര്‍ക്ക് തൊഴിൽകാര്‍ഡ് വിതരണം ചെയ്തു.
വളാഞ്ചേരി നഗരസഭ അദ്ധ്യക്ഷ എം.ഷാഹിന ടീച്ചർ അദ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സി.രാമകൃഷ്ണൻ സ്വാഗതവും പി.പി. ഹമീദ് കൃതജ്ഞതയും പറഞ്ഞു. നഗരസഭ സെക്രട്ടറി പദ്ധതി സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭ വൈസ് ചെയര്‍മാൻ കെ.വി. ഉണ്ണികൃഷ്ണൻ സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.അബ്ദുന്നാസർ, കെ.ഫാത്തിമക്കുട്ടി, സി.ഷഫീന, പ്രതിപക്ഷ നേതാവ് ടി.പി. അബ്ദുൾ ഗഫൂർ, കൗസിലര്‍മാരായ ജ്യോതി, റഹ്മത്ത്, ഹരിദാസ്, ആമിന യൂസഫ് എന്നിവരും കക്ഷി നേതാക്കളായ പറശ്ശേരി അസൈനാർ, ശങ്കരൻ മാസ്റ്റർ, സുരേഷ് പാറത്തൊടി, ടി.പി. രഘുനാഥൻ, മൂര്‍ക്കത്ത് മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.
1.35 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതിയാണ് വളാഞ്ചേരി നഗരസഭയിൽ നടപ്പാക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here