വളാഞ്ചേരി മേഖലയിൽ എൽഇഡി വിളക്കുകൾ സ്ഥാപിക്കുന്നു
വളാഞ്ചേരി: നഗരമേഖല പ്രകാശപൂരിതമാക്കാൻ വളാഞ്ചേരി നഗരസഭ പ്രവർത്തനങ്ങൾ തുടങ്ങി. സെൻട്രൽ ജംക്ഷൻ മുതൽ നാലു പ്രധാന റോഡുകളിലും എൽഇഡി വിളക്കുകൾ സ്ഥാപിക്കുന്ന ജോലികളാണ് ആരംഭിച്ചത്. സെൻട്രൽ ജംക്ഷനിൽനിന്നു കോഴിക്കോട് റോഡിൽ കാവുംപുറം, കുറ്റിപ്പുറം റോഡിൽ മുക്കിലപ്പീടിക, കൊപ്പം റോഡിൽ കൊട്ടാരം, പെരിന്തൽമണ്ണ റോഡിൽ വൈക്കത്തൂർ വരെയുള്ള ഭാഗങ്ങളിലാണ് പുതിയ വിളക്കുകൾ സ്ഥാപിക്കുന്നത്.കാവുംപുറം–വളാഞ്ചേരി ടൗൺ മേഖലയിൽ ഇതിന്റെ ഭാഗമായി 60 വിളക്കുകൾ കഴിഞ്ഞ ദിവസം സ്ഥാപിച്ചു. നാലു ദിവസങ്ങൾക്കകം മുഴുവൻ വിളക്കുകളും സ്ഥാപിക്കാനാകുമെന്ന് നഗരസഭാ മരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി.അബ്ദുനാസർ അറിയിച്ചു. മൊത്തം 167 വിളക്കുകളാണ് പുതുതായി സ്ഥാപിക്കുന്നത്. ഈ ഭാഗങ്ങളിൽ മുൻപുണ്ടായിരുന്ന ട്യൂബ്ലൈറ്റുകൾ അഴിച്ചുമാറ്റിയാണ് പുതിയവ വയ്ക്കുന്നത്. കെൽ നോഡൽ ഏജൻസിയെ ആണ് ഇതിനുള്ള ചുമതല ഏൽപിച്ചിട്ടുള്ളത്.
വളാഞ്ചേരി പഞ്ചായത്ത് നിലവിലുണ്ടായിരുന്ന കാലത്ത് ദേശീയപാത കഞ്ഞിപ്പുര മുതൽ പൈങ്കണ്ണൂർ വരെയുള്ള ഭാഗങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചിരുന്നു. ഇവ മുഴുവൻ മാറ്റി എൽഇഡി വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പുതിയ പദ്ധതി അനുസരിച്ച് കാവുംപുറം മുതൽ മുക്കിലപ്പീടിക വരെ എൽഇഡി വിളക്കുകൾ സ്ഥാപിക്കുന്ന സാഹചര്യത്തിൽ കഞ്ഞിപ്പുര മുതൽ കാവുംപുറം വരെയും, മുക്കിലപ്പീടിക മുതൽ പൈങ്കണ്ണൂർ വരെയും എൽഇഡി വിളക്കുകൾ സ്ഥാപിച്ചാൽ നഗരസഭ മേഖലയിലെ ദേശീയപാതയിലാകെ വെളിച്ചമെത്തുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here