നിപ വൈറസ് ; കാച്ചിനിക്കാട്ടെ ‘അച്ചാർപാടം’ പൂട്ടിച്ചു
മലപ്പുറം: മക്കരപ്പറമ്പ് കാച്ചിനിക്കാട്ട് ഉപ്പിലിട്ടതും പലതരം അച്ചാറുകളും വിറ്റ താൽക്കാലിക കടകൾ ജില്ലാഭരണകൂടം പൂട്ടിച്ചു. ആരോഗ്യ, ഭക്ഷ്യസുരക്ഷ, റവന്യു സംയുക്തസംഘം നടത്തിയ മിന്നൽപരിശോധനയെത്തുടർന്നാണു നടപടി. അനുമതികളില്ലാതെ, വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മാങ്ങയും മറ്റും മുറിച്ചുവച്ച് വിൽപന നടത്തിയിരുന്നതെന്ന് സംഘം പറഞ്ഞു. ജില്ലയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സാംപിളുകൾ പരിശോധനയ്ക്കയച്ചു. ജില്ലയിലെ മറ്റിടങ്ങളിലും പരിശോധന നടത്തും. റമസാൻ തുടങ്ങിയതിനു പിന്നാലെ കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ കാച്ചിനിക്കാട്ട് ‘ലൈവ് അച്ചാർ’ കടകൾ സജീവമാണ്.
പച്ചമുളക് അരച്ചുചേർത്തും മസാലക്കൂട്ടുകൾ ചേർത്തും പഴങ്ങൾ മുറിച്ചുവിൽക്കുകയാണ് ചെയ്തിരുന്നത്. വൈകിട്ട് യുവാക്കൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്കായി. പൊലീസ് ഇടപെട്ട്, കച്ചവടം അടുത്തുള്ള പാടത്തേക്കു മാറ്റിയതോടെ സ്ഥലത്തിന് ചിലർ ‘അച്ചാർപാടം’ എന്നുപേരിടുകയും ചെയ്തു. തദ്ദേശഭരണസ്ഥാപനത്തിന്റെയും ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെയും ലൈസൻസും വിൽപനക്കാർക്ക് ആരോഗ്യസാക്ഷ്യപത്രവും ഇല്ലെങ്കിൽ കച്ചവടം അനുവദിക്കില്ലെന്ന് അധികൃതർ പറഞ്ഞു. ഡപ്യൂട്ടി കലക്ടർ ജെ.ഒ.അരുൺ, ഡപ്യൂട്ടി ഡിഎംഒ കെ.വി.പ്രകാശ്, ഭക്ഷ്യസുരക്ഷ ഓഫിസർ രമിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here