HomeTravelറഈസിന്റെയും സുഹൃത്തുക്കളുടെയും നിശ്ചയ ദാർഢ്യത്തിനു മുന്നിൽ തലതാഴ്ത്തി കോടമഞ്ഞു പെയ്യുന്ന കൊടികുത്തി മലയും

റഈസിന്റെയും സുഹൃത്തുക്കളുടെയും നിശ്ചയ ദാർഢ്യത്തിനു മുന്നിൽ തലതാഴ്ത്തി കോടമഞ്ഞു പെയ്യുന്ന കൊടികുത്തി മലയും

Raees-Hidaya

റഈസിന്റെയും സുഹൃത്തുക്കളുടെയും നിശ്ചയ ദാർഢ്യത്തിനു മുന്നിൽ തലതാഴ്ത്തി കോടമഞ്ഞു പെയ്യുന്ന കൊടികുത്തി മലയും

പെരിന്തൽമണ്ണ: “എനിക്ക് വയ്യ”, “എന്നെക്കൊണ്ട് ഒന്നും കഴിയില്ല” എന്നൊക്കെ പറയുന്നവര്‍ക്ക് ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ട്. റഈസ് ഹിദായ എന്ന ചെറുപ്പകാരനിൽ നിന്നും. സോഷ്യൽമീഡിയയിലൂടെ ഭിന്നശേഷിക്കാരായ തൻറെ സഹജീവികൾക്ക് വേണ്ടി വിവിധ തലങ്ങളിൽ ഇടപെടലുകൾ നടത്തി, സജീവമായ റഈസ് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ കൊടികുത്തിമലയിലുമെത്തി.
Raees
കഴുത്തിനു താഴെ തൊണ്ണൂറ് ശതമാനവും തളർന്നുപോയ റേസിന്റെ നിശ്ചയദാർഢ്യമാണ് സമുദ്ര നിരപ്പില്‍ നിന്നും 522 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലബാറിൻറെ ഊട്ടിയായ കൊടികുത്തി മലയേയും കീഴടക്കിയത്.
raees-hidaya
കഴിഞ്ഞ ദിവസം ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്നാണ് റഈസിനെ കൊടികുത്തിമലയിലെത്തിച്ചത്. കൂട്ടുകാരുമൊത്തുള്ള വര്‍ത്തമാനം പറച്ചലിനിടയിലാണ് കൊടികുത്തിമലയെന്ന ഇടം കയറി വന്നത്. എവിടെ പോകാം എന്ന് ദീര്‍ഘമായി ആലോചിച്ചിരുന്നപ്പോള്‍ ഫെയ്‌സ്ബുക്ക് കമന്റ് വഴിയാണീ പേരു വന്നത്. പിന്നെ താമസിച്ചില്ല, റയീസിനേയും കൊണ്ട് കൊടികുത്തിമലയിലേക്ക് അഞ്ചു കൂട്ടുകാരും കൂടി യാത്ര തിരിച്ചു. വെളിമുക്ക് സ്വദേശിയായ റഈസ് തൻറെ ജീവിതം തന്നെ മറ്റുള്ളവർക്ക് വലിയ പാഠമാക്കിയാണ് സോഷ്യൽമീഡിയകളിലും മറ്റും ഇടപെടലുകൾ നടത്തുന്നത്. മുപ്പതുവയസ്സുകാരനായ റഈസ് 13 വര്‍ഷമായി കിടപ്പിലാണ്. 17-ാം വയസ്സില്‍ ഉണ്ടായ ഒരപകടമാണ് റഈസിനെ കിടപ്പിലാക്കിയത്.മലപ്പുറം, വെളിമുക്ക് തലപ്പാറയിലാണ് റയീസ് ഹിദായയുടെ വീട്. വീട്ടില്‍ ഉപ്പ അബ്ദു റഹിമാനും ഉമ്മ ഫാത്തിമയും പിന്നെ രണ്ട് അനുജന്‍മാരും മൂന്ന് അനുജത്തിമാരുമുണ്ട്.
Raees
കഴുത്തിന് താഴേക്ക് തളര്‍ന്നുപോയ റഈസ് തളരാത്തമനസ്സുമായി സോഷ്യല്‍ മീഡിയയിലൂടെ ഇടപെടലുകള്‍ നടത്തുന്നതോടൊപ്പം സാമൂഹ്യ സാംസ്‌കാരിക ഇടങ്ങളിലും സജീവസാന്നിധ്യമാണ്. ഗ്രീന്‍ പാലിയേറ്റീവ് എന്ന പരിസ്ഥിതി മനുഷ്യാവകാശ സംഘടനയുടെ സജീവപ്രവർത്തകൻ കൂടിയാണ് റഈസ്.

യാത്രക്കു പിന്തുണ നൽകിയ സുഹൃത്തുക്കളെ കുറിച്ചു റഈസിന്റെ വാക്കുകളിൽ
കൊടികുത്തിമലയുടെ ഉച്ചിയിൽ എത്തി നിൽക്കുന്ന ഈ ചിത്രങ്ങൾ ഇവിടെ പങ്ക് വെച്ചുകൊണ്ട് പറയാൻ ആഗ്രഹിക്കുന്നത് യാത്രകളെക്കുറിച്ചോ അതിന്റെ ആത്മീയ അംശത്തെക്കുറിച്ചോ ഒന്നുമല്ല, വേറെ മൂന്ന് കാര്യങ്ങളാണ്.
സൗഹൃദം
മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരം 90 ശതമാനം പൂർണമായും സ്ഥിരമായും നിശ്ചലാവസ്ഥയിലാണെന്റെ ശരീരം.സാധാരണ വീൽചെയറിൽ പോലുമല്ല എന്റെ സഞ്ചാരങ്ങൾ.എന്നിട്ടും ഏതാണ്ട് മൂന്ന് കിലോമീറ്ററുകളോളം ചെങ്കുത്തായ മലമടക്കുകളിലൂടെ അവിടെ എത്തിയത് ഉയിർ കണക്കെ ഉൾച്ചേർന്നവരുടെ തോളിലേറിയാണ്. എന്തിനാണ് സൗഹൃദങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും കൂടുതൽ സംസാരിക്കുന്നതെന്ന് പലയിടങ്ങളിൽ നിന്നും നേരിടുന്ന ചോദ്യങ്ങൾ നിന്നാണ്.മനുഷ്യരിൽ വിശ്വസിക്കുകയും മനുഷ്യരിൽ ആഴത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവരോടൊപ്പമാണ് എന്നും വളർന്നിട്ടുള്ളത്.പിന്നെ ആരെക്കുറിച്ച്,എന്തിനെക്കുറിച്ചാണ് ഞാൻ സംസാരിക്കേണ്ടത്.സഹ ഉദരം ആണത്രേ സഹോദരം ആയത്.ദൈവമേ വാക്കുകളുടെ പരിമിതി ഓർത്ത് ഊറിച്ചിരിക്കാതെ നിവൃത്തിയില്ലല്ലോ.
Raees
ഉടൽ
വികലാംഗൻ മുതൽ ദിവ്യാംഗ് വരെയുള്ള പദപ്രയോഗങ്ങളിലൂടെയാണ് ശരീരവയവങ്ങൾ നിശ്ചലമായവരെ സമൂഹം പേരിട്ട് വിളിച്ചിട്ടുള്ളത്. കൊടികുതിമലയുടെ മുകളിൽ എത്തുകയെന്നത് അത്ര വല്യ കാര്യമൊന്നുമല്ല. വേണമെന്ന് വെച്ചാൽ ആർക്കും വന്ന് കേറാവുന്ന ഒരിടം മാത്രമാണത്. എന്നിട്ടും ഭൂമിമലയാളത്തിലെ മൂന്ന് കോടിയിലധികം ജനങ്ങളിലും അവരിലെ സഞ്ചാരപ്രിയരിലും ഒരു ചെറുശതമാനം പോലും അവിടെ എത്തിയിട്ടില്ലായെങ്കിൽ ഇനി ഉടലിന്റെ പേരിൽ അഭിസംബോധന ചെയ്യരുത്. അല്ലേലും കറുത്തവനെയും കുറിയവനെയും തടിച്ചവനെയും പുറംതള്ളി ചിലയിടങ്ങളിൽ വീർത്തും മറ്റു ചിലയിടങ്ങൾ ഒട്ടിയും ഒതുങ്ങി നിൽക്കുന്നതാണ് ഭംഗിയുള്ള ശരീരമെന്ന നിങ്ങളുടെ സവർണ്ണ കാഴ്ചപ്പാടുണ്ടല്ലോ അതിനെ ചലനമറ്റ, കുമ്പയുള്ള, തടിച്ച, പേശികളൊഴിഞ്ഞ കൈകാലുകളുള്ള ഞാനൊന്ന് പരിഹസിച്ചോട്ടെ. ഉടലല്ല സുഹൃത്തേ ഉയിരാണ് പ്രധാനം.
Raees-Hidaya
ആത്മഹത്യ
വളരെയടുത്തും നേരിടേണ്ടി വന്ന ചോദ്യങ്ങളിൽ ഒന്നാണ് റഈസ് എത്ര തവണ ആത്മ്ഹത്യയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്ന്. അവർക്ക് സംശയങ്ങളില്ല ഞാനാലോചിച്ചിട്ടുണ്ടോ ഇല്ലയോ, അതെത്ര തവണ എന്നു മാത്രമേ അറിയേണ്ടതുള്ളു.
പ്രിയപ്പെട്ടവരെ നോക്ക് ജീവിതത്തിന്റെ സ്നേഹനുഭവങ്ങളുടെ പെരുമഴ നനഞ്ഞുകൊണ്ടിരിക്കുകയാണ് ഈയുള്ളവൻ. ആ മഴയത്ത് നിന്നുകൊണ്ട് മരണത്തെകുറിച്ചല്ല, ഒന്നൂടെ പറയട്ടെ മരണത്തെക്കുറിച്ചേയല്ല സുഹൃത്തെ ജീവിതത്തെ കുറിച്ചാണ് സംസാരിക്കാനുള്ളത്, ഉറക്കെ പാടാനുള്ളത്.
I’m not just existing, I’m celebrating my life.
Raees-Hidaya


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!