ജനമൈത്രി പോലീസും നാട്ടുകാരും രംഗത്തിറങ്ങി; പട്ടാമ്പി പാലം ശുചീകരിച്ചു
പട്ടാമ്പി : മല വെള്ളപ്പാച്ചിലിൽ പട്ടാമ്പി പാലത്തിൽ അടിഞ്ഞുകൂടിയ പുഴ മാലിന്യങ്ങളും പടുമരങ്ങളും നീക്കാൻ ജനമൈത്രി പോലീസും നാട്ടുകാരും രംഗത്തിറങ്ങി. തിങ്കളാഴ്ച്ച രാവിലെയാണ് ശ്രമദാനം ആരംഭിച്ചത്. വൻ തോതിലുള്ള മാലിന്യങ്ങളും കാട്ടു വള്ളികളും ചണ്ടികളും പാലത്തിൽ അടിഞ്ഞിട്ടുണ്ടായിരുന്നു.
ഇതിനിടയിൽ ഒഴുകിയെത്തിയ ക്ഷുദ്ര ജീവികളുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത് നീക്കം ചെയ്യുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. ഈ സാഹചര്യത്തിലാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഇത് നീക്കം ചെയ്യാനിറങ്ങിയത്. ഷൊർണൂർ ഡി.വൈ.എസ്.പി. മുരളീധരന്റെ നിർദ്ദേശ പ്രകാരം പട്ടാമ്പി സർക്കിൾ ഇൻസ്പെക്ടർ പി.വി.രമേശ്, എസ്.ഐ.അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘം ശ്രമദാനം നടത്തിയത്. പട്ടാമ്പി, കൊപ്പം, തൃത്താല, ചാലിശ്ശേരി സ്റ്റേഷനുകളിലെ സിവിൽ പോലീസ് ഓഫീസർമാരും നാട്ടുകാരും ശുചീകരണത്തിൽ കൈ കോർത്തു. പെരിയാറിൽ ചെയ്തതുപോലെ പാലത്തിൽ നിന്നും നീക്കം ചെയ്ത മാലിന്യങ്ങൾ പുഴയിൽ തള്ളാതെ നഗരസഭയുടെ സഹകരണത്തോടെ സംസ്ക്കരിക്കുകയാണ് ചെയ്തത്.
റിപ്പോർട്ട്: അലി പട്ടാമ്പി
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here