എടയൂരിൽ നിന്ന് വിനോദയാത്രക്ക് പോയ സംഘം നിലമ്പൂരിൽ വാഹനാപകടത്തിൽ പെട്ടു; 26 പേർക്ക് പരിക്ക്
നിലമ്പൂർ: നായാടംപൊയിൽ–നിലമ്പൂർ മലയോരപാതയിൽ എസ് വളവിനു സമീപം വിനോദ യാത്രാസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 26 പേർക്കു പരുക്കേറ്റു. ഡ്രൈവറുടെ മനോധൈര്യംകൊണ്ട് ബസ് കൊക്കയിലേക്കു മറിയാതെ ദുരന്തം ഒഴിവായി. വൈകിട്ട് 4.45നാണ് അപകടം. എസ് ആകൃതിയിലുള്ള വളവിൽ ചെങ്കുത്തായ ഇറക്കത്തിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു.
റോഡിന്റെ ഇടതുവശത്തു കൊക്കയാണ്. ഡ്രൈവർ വലതുവശത്തെ സ്വകാര്യ സ്ഥലത്തേക്കുള്ള വഴിയിലേക്ക് ഓടിച്ചുകയറ്റി മൺതിട്ടയിൽ ഇടിപ്പിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും ബസ് മറിഞ്ഞു. വിവരം അറിഞ്ഞ് നിലമ്പൂരിൽനിന്ന് എസ്ഐ ബിനു തോമസിന്റെ നേതൃത്വത്തിൽ പൊലീസും അഗ്നിശമനസേനയും നാല് ആംബുലൻസുകളുമായി സ്ഥലത്തേക്ക് പുറപ്പെട്ടു. സംഭവസ്ഥലം മൊബൈൽ പരിധിയിൽ അല്ലാത്തതിനാൽ അപകടത്തെക്കുറിച്ച് പരിഭ്രാന്തി പരന്നു. പരുക്കേറ്റവരുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട സ്വകാര്യ കാർ മൂലേപ്പാടത്ത് വൈദ്യുതിത്തൂണിലിടിച്ച് അപകടത്തിൽപെട്ടു.
വളാഞ്ചേരി എടയൂരിനടുത്ത് പൂക്കാട്ടിരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഒരു ദിവസത്തെ വിനോദ സഞ്ചാരത്തിനിറങ്ങിയവരാണ് അപകടത്തിൽ പരിക്കേറ്റവർ. ചോലക്കൽ കോത(65), ചോലക്കൽ കാരിച്ചി(70), തോരക്കാട്ടത്തൊടി നാരായണി(65), എരഞ്ഞിപ്പാലത്തിങ്കൽ കളരിക്കൽ പദ്മാവതി(70), ദേവകി(65), ചെറിയ പറമ്പിൽ ബിരിയക്കുട്ടി(70), തലവണ്ണക്കാട്ടിൽ കുറുമ്പ(70), സൈനബ(70), കടുങ്ങാട്ടിൽ കാർത്ത്യായനി(60), മാലാപറമ്പിൽ ചീരു(75), തലവണ്ണക്കാട്ടിൽ കടുങ്ങൻ(75), ഓലഞ്ചേരി കിഴക്കേപ്പാട്ടിൽ ശ്രീധരൻ(65), കാലുക്കൊട്ടിൽ ഭാസ്കർ(65), പാറപ്പുറത്ത് ഉദയശങ്കർ(75), ഓലഞ്ചേരി കിഴക്കേപ്പാട്ട് പദ്മാവതി(65), അമ്പലപ്പാട്ടിൽ കാളി(65),അമ്പലപ്പാട്ടിൽ ജാനകി(65), കുട്ടിപ്പള്ളിയാളി ഷാജി(43), പുളിക്കൽ പുത്തൻവീട്ടിൽ ബിനു(45), കൊട്ടാരത്ത് ഷറഫുദ്ദീൻ(53), റംലത്ത്(45), കിഴക്കേവാരിയത്ത് ഉണ്ണി(53), കിഴക്കേവാരിയത്ത് സുശീല(45), ചോലക്കൽ സിന്ധു(43), ഡ്രൈവർ നിയാസ് (21) എന്നിവരെയാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ മാലാപറമ്പിൽ ചീരുവിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here