ഏറെ പരിശ്രമത്തിനൊടുവിൽ കണ്ണൂർ എയർപോർട്ടിലേക്കുള്ള എയർവേ ബ്രിഡ്ജുകൾ കുറ്റിപ്പുറം പാലം കടത്തി
കുറ്റിപ്പുറം: ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിന്റെ ഉയരക്കുറവിനെ തുടർന്ന് ഒരാഴ്ചയായി വഴിയിൽ കുടുങ്ങിയ എയർവേ ബ്രിഡ്ജ് ലോറികൾ നീണ്ട പ്രയത്നത്തിനൊടുവിൽ പാലം കടത്തി. കണ്ണൂർ വിമാനത്താവളത്തിലേക്കായി കൊറിയയിൽനിന്നു കൊണ്ടുവന്ന കൂറ്റൻ എയർവേ ബ്രിഡ്ജുകളുമായി ചെന്നൈയിൽ നിന്നെത്തിയ മൂന്നു ലോറികളാണു ചെയ്സുകളിൽ മാറ്റംവരുത്തി പാലം കടത്തിയത്. പാലത്തിനു മുകളിലെ ആർച്ച് എയർവേ ബ്രിജുകളിൽ തട്ടുമെന്നതിനാൽ യാത്ര തുടരാനാകാതെ ലോറികൾ വഴിയിൽ കുടുങ്ങുകയായിരുന്നു.
മറ്റു വഴികളില്ലാത്തതിനാൽ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇവ മിനി പമ്പയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ടയറുകൾ മാറ്റിയിട്ട് ഒരു ലോറി പാലം കടത്തിയിരുന്നു. മറ്റു രണ്ടു ലോറികളുടെ ചെയ്സ് താഴ്ത്തി ഘടിപ്പിച്ച് ഉയരം കുറച്ചാണ് തടസം ഒഴിവാക്കിയത്. വിമാനത്താവളത്തിന്റെ ടെർമിനലിൽനിന്നു യാത്രക്കാർക്ക് വിമാനത്തിലേക്കു കയറുന്നതിനായി ഘടിപ്പിക്കുന്ന ബ്രിഡ്ജുകളാണിത്. പാലത്തിനെക്കാൾ നാലിഞ്ച് അധികം ഉയരമാണ് ഉപകരണങ്ങൾക്ക് ഉണ്ടായിരുന്നത്. വലിപ്പക്കൂടുതലും ഭാരക്കൂടുതലും മൂലം ദിവസവും വളരെ കുറച്ച് ദൂരം മാത്രം സഞ്ചരിക്കുന്ന ഈ ലോറികൾ വട്ടപ്പാറ പിന്നിട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here