ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സർവേ നടപടികൾ ജനവാസകേന്ദ്രത്തിലേക്കു കടന്നു
കുറ്റിപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സർവേ നടപടികൾ ജനവാസകേന്ദ്രത്തിലേക്കു കടന്നു. കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയുടെ മുന്നിലെ 16 വീടുകളിൽ ഇന്നലെ അതിർത്തി നിർണയിച്ച് കല്ലുകൾ സ്ഥാപിച്ചു. സർവേ നടപടികൾക്ക് എത്തിയ ഉദ്യോഗസ്ഥരോട് വീട്ടുടമകൾ സഹകരിച്ചു. ഇന്നലെ മാർക്ക് ചെയ്ത ഭാഗത്ത് ഒൻപതു വീടുകൾ ഭാഗികമായും ഏഴു വീടുകൾ പൂർണമായും പൊളിക്കേണ്ടിവരും. ഭാഗികമായി പൊളിക്കേണ്ട വീടുകൾ വീട്ടുടമകൾ ആവശ്യപ്പെടുന്ന മുറയ്ക്കു ദേശീയപാത അതോറിറ്റി പൂർണമായും ഏറ്റെടുത്തു പൊളിച്ചുനീക്കും. ഇത്തരം വീടുകൾക്ക് മരാമത്ത് വകുപ്പിന്റെ 2018ലെ കണക്കുപ്രകാരമുള്ള വില നൽകുകയും സാന്ത്വന പ്രതിഫലമായി 100% അധിക തുക അനുവദിക്കുകയും ചെയ്യും.
അതേസമയം, അതിർത്തിക്ക് അപ്പുറത്ത് അധികമായി വരുന്ന ഭൂമി ഏറ്റെടുക്കില്ല. ഇന്നലെ രാവിലെ ആറര മുതലാണ് കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിനു സമീപത്തുനിന്നു സർവേ ജോലികൾ തുടങ്ങിയത്. മൂന്നു യൂണിറ്റ് ഉദ്യോഗസ്ഥർ അധികമായി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വന്നില്ല. നേരത്തേയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 700 മീറ്ററാണ് ഇന്നലെ അതിർത്തി നിർണയം നടത്തി കല്ലുകൾ സ്ഥാപിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here