24 മുതൽ 30 വരെയുള്ള ഇന്ത്യ–ബ്രിട്ടൻ സർവീസ് റദ്ദാക്കി എയർ ഇന്ത്യ
ലണ്ടൻ∙ യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ ഇന്ത്യയെയും ഉൾപ്പെടുത്തിയതോടെ ഈ മാസം 24 മുതൽ 30 വരെ ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. 30നു ശേഷം സർവീസുകൾ തുടരുമോ എന്നകാര്യം സാഹചര്യം വിലയിരുത്തി തീരുമാനിക്കുമെന്നാണ് എയർ ഇന്ത്യയുടെ നിലപാട്. ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്കു റീഫണ്ട് നൽകുകയോ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റുകൾ റീ ഷെഡ്യൂൾ ചെയ്തു നൽകുകയോ ചെയ്യും. ട്വിറ്റർ സന്ദേശത്തിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെ നാലു മുതലാണ് റെഡ് ലിസ്റ്റ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകുന്നത്. അതിനുശേഷമുള്ള സർവീസുകൾ ഒരിക്കലും ലാഭകരമാകില്ലെന്ന വിലയിരുത്തലിലാണ് എയർ ഇന്ത്യയുടെ തീരുമാനം. നിലവിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നു ആഴ്ചയിൽ മൂന്നുവീതം ആകെ 15 സർവീസുകളാണു വന്ദേഭാരത് മിഷനിൽ ഉൾപ്പെടുത്തി ബ്രിട്ടനിലേക്കും തിരിച്ചും നടത്തിയിരുന്നത്. മറ്റ് എല്ലാ വിമാനത്താവളങ്ങളിൽ നിന്നുമുള്ള സർവീസുകൾ നേരത്തെ നിർത്തലാക്കിയ സാഹചര്യത്തിൽ ഈ സർവീസുകൾ ഇരു രാജ്യങ്ങൾക്കുമിടയിലെ ലൈഫ് ലൈനായിരുന്നു. ഇതാണു പുതിയ റെഡ് ലിസ്റ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ തൽക്കാലത്തേക്കെങ്കിലും നിലയ്ക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here