ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ നൂറ് മേനി; ജൈവ കൃഷിയിൽ വിജയം നേടി വളാഞ്ചേരിയിലെ അലവി ഹാജി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ വാർഡ് ഇരുപത്തി ഏഴ് നരിപ്പറ്റ കൂവ്വക്കുന്നിൽ സ്ഥിതി ചെയ്യുന്ന പാമ്പറമ്പിൽ അലവി ഹാജിയുടെ അധീനതയിലുള്ള അബു സൽമാൻ ഡ്രാഗൺ തോട്ടത്തിൽ വിരിഞ്ഞ വിളവെടുപ്പിന് പാകമായ ചുമപ്പ് കളറുള്ള ഡ്രാഗൺ കണ്ണിന് കുളിരും മനസ്സിന് മധുരവും നൽകുന്ന കാഴ്ചയാണ്. ഒരേക്കറോളം വ്യാപിച്ച് കിടക്കുന്ന സ്വന്തമായ കൃഷിയിടത്തിൽ തികച്ചും ജൈവ വളം ഉപയോഗിച്ചാണ് ഇദ്ദേഹം ഡ്രാഗൺ തൈകൾ നട്ടിട്ടുള്ളത്. വർഷങ്ങളായി കാർഷിക രംഗത്ത് പ്രത്വേകിച്ച് ഡ്രാഗൺ കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇദ്ദേഹം പ്രവാസി കൂടിയാണ്. ദിവസവും പുലർച്ചെ മുടങ്ങാതെ കൃഷിയിടത്തിലെത്തുന്ന ഇദ്ദേഹം തൻ്റെ മക്കളെപ്പോലെയാണ് ഈ കൃഷിയെ പരിപാലിക്കുന്നത്. കൃഷി വകുപ്പിൻ്റേയും സുഹൃത്തുക്കളുടെയും കുടുംബത്തിൻ്റെയും പിന്തുണയാണ് ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങാൻ കാരണമെന്ന് അലവി ഹാജി പറഞ്ഞു. വെളളത്തോടൊപ്പം നല്ല തെളിഞ്ഞ സൂര്യപ്രകാശമുള്ള കാലാവസ്ഥയാണ് ഈ കൃഷിക്ക് നല്ലതെന്നും, കനത്ത മഴ പൂവ് വിരിഞ്ഞ ഡ്രാഗണിൻ്റെ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം പറയുന്നു.
പൂ വിരിഞ്ഞ് ഒരു മാസമായാൽ നല്ല പരിചരണത്തിൽ ഡ്രാഗൺ വിളവെടുപ്പിന് പാകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പ് നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വാർഡ് കൗൺസിലർ ബദരിയ്യ ടീച്ചർ, കൗൺസിലർമാരായ തസ്ലീമ നദീർ, ശൈലജ, ഉണ്ണികൃഷ്ണൻ ചാത്തങ്ങാവ് പാറ, കൃഷി ഓഫീസർ ഹണി, നസീർ തിരൂർക്കാട്, വി.പി.എം സ്വാലിഹ് എന്നിവർ സംസാരിച്ചു. വിളവെടുപ്പിന് ബീരാൻ കപ്പൂരത്ത്, നഈം.പി, നിയാസ് പാലക്കൽ പി.അബൂബക്കർ, എൻ.ജനീസ്, നൗഷാദ് കക്കഞ്ചിറ, പി.ഗഫൂർ, പി.അദ്നാൻ, പി.നാസർ എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here