ഓട്ടോറിക്ഷകള്‍ക്ക് സ്‌റ്റേറ്റ് പെര്‍മിറ്റ്; ഇനി മുതൽ ജില്ലയിൽ മാത്രമല്ല, കേരളം മുഴുവൻ ഓടാം
ഓട്ടോറിക്ഷയുടെ പെര്‍മിറ്റ് കൂടുതല്‍ വിശാലമാക്കി സംസ്ഥാന സര്‍ക്കാര്‍. ഓട്ടോറിക്ഷകള്‍ക്ക് ഇനി സംസ്ഥാനത്ത് ഉടനീളം സര്‍വീസ് നടത്താന്‍ സാധിക്കും. മുമ്പ് ജില്ലയിലെ മാത്രം ഓട്ടത്തിന് അനുവദിക്കുന്നതായിരുന്നു ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ്. ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഓട്ടോറിക്ഷ യൂണിയന്‍ സി.ഐ.ടി.യു. കണ്ണൂര്‍ മാടായി ഏരിയ കമ്മിറ്റി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പെര്‍മിറ്റിലെ ഈ മാറ്റം അനുവദിച്ചിരിക്കുന്നത്. പെര്‍മിറ്റില്‍ മുമ്പുണ്ടായിരുന്ന നിര്‍ദേശം അനുസരിച്ച് ജില്ലയ്ക്ക് പുറത്ത് 20 കിലോമീറ്റര്‍ മാത്രം ഓടുന്നുള്ള അനുമതിയാണ് ഓട്ടോറിക്ഷകള്‍ക്ക് നല്‍കിയിരുന്നത്. ഓട്ടോറിക്ഷ ദീര്‍ഘദൂര യാത്ര ചെയ്യുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, അപകട നിരക്ക് ഉയരുമെന്ന് വിവിധ കോണുകളില്‍ നിന്നുള്ള മുന്നറിയിപ്പ് മറികടന്നാണ് ഇപ്പോള്‍ സംസ്ഥാന പെര്‍മിറ്റ് നല്‍കിയിരിക്കുന്നതും.
ഓട്ടോറിക്ഷ ഇന്‍ ദ സ്‌റ്റേറ്റ് എന്ന രീതിയിലാണ് പെര്‍മിറ്റ് സംവിധാനത്തില്‍ മാറ്റം വരുന്നത്. പെര്‍മിറ്റില്‍ പുതിയ ഇളവുകള്‍ ലഭിക്കുന്നതിനായി ഓട്ടോറിക്ഷകള്‍ സ്‌റ്റേറ്റ് പെര്‍മിറ്റ് ആയി രജിസ്റ്റര്‍ ചെയ്യണം. സ്റ്റേറ്റ് പെര്‍മിറ്റില്‍ യാത്രക്കാരുടെ സുരക്ഷ ഡ്രൈവര്‍ ഉറപ്പുവരുത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് അനുവദിക്കണമെന്ന് സി.ഐ.ടി.യുവിന്റെ നിരന്തര ആവശ്യമായിരുന്നു. എന്നാല്‍, സുരക്ഷ പ്രശ്‌നത്തിലെ ആശങ്കയാണ് ഇത് നീണ്ടുപോകാന്‍ കാരണം. റോഡുകളില്‍ ഓട്ടോറിക്ഷയ്ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറില്‍ 50 കിലോമീറ്ററാണ്. അതിവേഗപാതകളിലും മറ്റും മറ്റ് വാഹനങ്ങള്‍ വേഗത്തില്‍ പോകുമ്പോഴുള്ള അപകട സാധ്യത കണക്കിലെടുത്താണ് സംസ്ഥാന പെര്‍മിറ്റ് അനുവദിക്കാതിരുന്നത്. ഇത്തവണ നടന്ന അതോറിറ്റി യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, ഇവയെല്ലാം മറികടന്നാണ് സംസ്ഥാനത്തുടനീളം ഓടുന്നതിന് ഓട്ടോറിക്ഷകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here