കോവിഡ്; ഇത്തവണ മൈസൂരു വിന്റർ ഫെസ്റ്റിവൽ ഉണ്ടാവില്ല
മൈസൂരു : വർണക്കാഴ്ചകളുമായി കൊട്ടാരനഗരിയെ ആവേശത്തിലാക്കുന്ന മൈസൂരു വിന്റർ ഫെസ്റ്റിവൽ ഇത്തവണയുണ്ടാകില്ല. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഫെസ്റ്റിവൽ ഒഴിവാക്കാൻ ജില്ലാ ഭരണകൂടം തീരുമാനമെടുത്തു. ക്രിസ്മസ്, പുതുവത്സരാഘോഷത്തിന് ആവേശം പകർന്ന് വർഷംതോറും മൈസൂരുവിൽ നടക്കാറുള്ളതാണ് വിന്റർ ഫെസ്റ്റിവൽ. ഡിസംബർ 24 മുതൽ ജനുവരി ഒന്നുവരെയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഉത്സവം സംഘടിപ്പിക്കാറ്്. മൈസൂരു കൊട്ടാരമുറ്റത്ത് നടക്കാറുള്ള മെഗാ പുഷ്പപ്രദർശനമാണ് എല്ലാ വർഷവും മേളയുടെ പ്രധാന ആകർഷണമായി ഉണ്ടാകാറ്്. ഒട്ടേറെ സഞ്ചാരികൾ പ്രദർശനം കാണാനായി നഗരത്തിലെത്തുമായിരുന്നു. കലാപരിപാടികളുമുണ്ടാകുമായിരുന്നു. പുതുവത്സരത്തെ എതിരേറ്റുകൊണ്ടുള്ള കരിമരുന്ന് പ്രകടനവും മേളയുടെ ഭാഗമായി നടക്കാറുണ്ടായിരുന്നു.
കഴിഞ്ഞ വർഷം ഫെസ്റ്റിവൽ സമയത്ത് നഗരത്തിലെ സെയ്ന്റ് ഫിലോമിനാസ് പള്ളിയുടെ അങ്കണത്തിൽ കാർണിവൽ സംഘടിപ്പിച്ചത് ഒട്ടേറെയാളുകളെ ആകർഷിച്ചിരുന്നു. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ സഞ്ചാരികളുടെ നഗരത്തിൽ പുതുവത്സരാഘോഷത്തിന് മാറ്റുകുറയാനാണ് സാധ്യത.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here