നിറുത്താതെ പോയ ടിപ്പർ തടയുന്നതിനിടെ അപകടം; കുറ്റിപ്പുറം സ്വദേശിയായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മരിച്ചു
പാലക്കാട്: പാലക്കാട് വേലന്താവളത്ത് വാഹനപരിശോധനയ്ക്കിടെ ടിപ്പർ ലോറി ഇടിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മരിച്ചു. കുറ്റിപ്പുറം സ്വദേശി വി.അസറാണ് ടിപ്പർ ലോറി ഇടിച്ച് മരിച്ചത്. നിർത്താതെ പോയ ലോറിയെ പിന്തുടർന്നപ്പോഴായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് കരിങ്കല്ല് കയറ്റി വരുകയായിരുന്നു ലോറി. വേലന്താവളം ചെക്പോസ്റ്റിൽ പരിശോധനയ്ക്ക് നിൽക്കുകയായിരുന്ന മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടതോടെ ലോറി നിർത്താതെ കടന്നു കളഞ്ഞു. തുടർന്ന് അസർ ബൈക്കുമായി ലോറിയെ പിന്തുടരുകയായിരുന്നു. നല്ലൂർ റോഡിൽ വച്ച് ലോറിക്ക് കുറുകെ ബൈക്ക് നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെ ഇതേ ലോറിയിടിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ലോറി ഡ്രൈവർ ലോറി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ അസറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറ്റിപ്പുറം എ.എം.യു.പി സ്കൂൾ അധ്യാപികയായ റംലയുടെയും എസ്.ഐ ആയ വിരുതുള്ളിയിൽ ഗഫൂറിന്റെയും മകനാണ്. മലപ്പുറം ആർ.ടി.ഒ ഓഫീസിലാണ് അസർ ജോലി ചെയ്തിരുന്നത്. എന്നാൽ വർക്കിങ്ങ് അറേഞ്ച്മെന്റുകളുടെ ഭാഗമായാണ് ഇദ്ദേഹം വേലന്താവളം ആർ.ടി.ഒ ചെക്ക്പോസ്റ്റിൽ പരിശോധനക്ക് എത്തിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here