സമന്വയം 2018; വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജിൽ പുരാവസ്തു നാണയ പ്രദർശനം
മലപ്പുറം : പുരാവസ്തു, നാണയം, സ്റ്റാമ്പ് സൂക്ഷിപ്പുകാരുടെ സംസ്ഥാന തല കൂട്ടായ്മയായ മലയാളി കളക്ടേഴ്സ് ഗ്രൂപ്പും വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജും സംയുക്തമായി ‘സമന്വയം 2018 ‘ എന്ന പേരിൽ പുരാവസ്തു നാണയ സ്റ്റാമ്പ് പ്രദർശനം സംഘടിപ്പിക്കുന്നു. പ്രദർശനം വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി രാവിലെ 10 മുതൽ വൈകീട്ട് 7 വരെ കാണാവുന്നതാണ്.
ഡിസംബർ 7, 8 (വെള്ളി, ശനി) ദിവസങ്ങളിൽ വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജിൽ നടക്കുന്ന പരിപാടി മലപ്പുറം ജില്ലാ കലക്ടർ അമിത് മീണ IAS ഉദ്ഘാടനം ചെയ്യും. പ്രദർശന ഉദ്ഘാടനം ഡോ. ഹുസൈൻ രണ്ടത്താണിയും മലയാളി കളക്ടേഴ്സ് സംഗമ ഉദ്ഘാടനം എം.ഇ.എസ് സംസഥാന സെക്രട്ടറി ഡോ.എൻ.എം മുജീബ് റഹ്മാനും നിർവഹിക്കും.
ഡിസംബർ 7 വെള്ളിയാഴ്ച്ച നാല് വിഭാഗങ്ങളിലേക്ക് നടക്കുന്ന പ്രദർശന മത്സരത്തിൽ വിജയികളാകുന്നവർക്ക് ”ബെസ്റ്റ് മലയാളി കലക്ടർ” അവാർഡ് നൽകും. അവാർഡ് ദാനം പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിക്കും. 8ന് ശനിയാഴ്ച്ച നടക്കുന്ന സെമിനാറിൽ പുരാവസ്തു സൂക്ഷിപ്പും സംരക്ഷണവും, ടിപ്പു സുൽത്താൻ നാണയ പഠനം, തപാൽ സ്റ്റാമ്പിന്റെ ചരിത്രം, കേരളത്തിന്റെ താളിയോല പാരമ്പര്യം എന്നീ വിഷയങ്ങളിൽ യഥാക്രമം അബ്ദുൽ അലി.എം.സി, ഡോ.എൻ. ശ്രീധർ, ഒ.കെ പ്രകാശ്, സന്തോഷ് ഇളയിടം, എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. എസ്.എസ്.എ ട്രയിനർ ഡാമി പോൾ മോഡറേറ്ററായിരിക്കും.
പരിപാടിയുടെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടക്കുന്ന ക്വിസ് മത്സരത്തിലെ വിജയികൾക്ക് സി. ഹസീന താഴേക്കോട് സ്മാരക അവാർഡ് നൽകും. പുരാതന കാർഷിക ഉപകരണങ്ങൾ, ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത വെള്ളിനാണയം, ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ്, പ്രാചീന റോമൻ നാണയങ്ങൾ, ലോകത്തിലെ ഏറ്റവും വലിയ വോൾ മാഗസിൻ എന്നിവ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.
സംഘാടക സമിതി ചെയർമാൻ ഡോ.അബ്ദുൽ ഹമീദ്.സി, കെ.പി.എ.റഫീഖ് രാമപുരം, ബി.എം.എ.കരീം പെരിന്തൽമണ്ണ, ഉമ്മർ ചിറക്കൽ, പ്രൊഫ.ഷാജിദ് വളാഞ്ചേരി, ഹാരിസ് .പി, ഷമീർ ബാബു.എ, സൈതലവി.എം.പി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here