കുട്ടികൾക്ക് സൗജന്യ വിസ: യു.എ.ഇ.യിലേക്ക് സഞ്ചാരികൾ വർധിക്കുന്നു
ദുബായ്:പതിനെട്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യവിസ അനുവദിച്ച നടപടി കൂടുതൽ കുടുംബാംഗങ്ങളെ യു.എ.ഇ.യിലേക്ക് ആകർഷിക്കുന്നതായി കണക്കുകൾ. ജൂലായ് 15 മുതൽ സെപ്റ്റംബർ 15 വരെയാണ് രക്ഷിതാക്കൾക്കൊപ്പം യു.എ.ഇ. സന്ദർശിക്കുന്ന കുട്ടികൾക്ക് സൗജന്യവിസ ലഭിക്കുക. വേനൽക്കാലത്ത് യു.എ.ഇ.യുടെ പാരതോഷികമെന്ന നിലയിൽ അനുവദിച്ച സൗജന്യവിസ കൈപ്പറ്റി ഒട്ടേറെ കുടുംബങ്ങളാണ് എത്തുന്നത്. യു.എ.ഇ.യിലുള്ള വിവിധ രാജ്യക്കാരായ പ്രവാസികുടുംബങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികളും വാഗ്ദാനം സ്വീകരിച്ചുകൊണ്ട് രാജ്യത്തിന്റെ അതിഥികളായെത്തി.
ബലിപെരുന്നാൾ കണക്കിലെടുത്ത് കൂടുതൽ കുടുംബങ്ങൾ യു.എ.ഇ.യിൽ ഈദ് ആഘോഷിക്കാൻ ആനുകൂല്യം പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്. പതിനെട്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നൽകുന്ന സൗജന്യ വിസയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ യു.എ.ഇ.ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ കീഴിലുള്ള ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു.
വിവരങ്ങൾക്ക് വകുപ്പിന്റെ ആമർ കസ്റ്റമർ സപ്പോർട്ട് സെന്ററുമായി ബന്ധപ്പെടാം. യു.എ.ഇ.യിൽനിന്ന് 8005111 എന്ന ടോൾഫ്രീ നമ്പറിലേക്കാണ് വിളിക്കേണ്ടത്. രാജ്യത്തിന് പുറത്തുള്ളവർക്ക് +97143139999 നമ്പറിൽ വിളിച്ചാൽ വിവരങ്ങൾ ലഭ്യമാവും. ഇ-മെയിൽ വഴിയും വിവരങ്ങൾ അറിയാനുള്ള സംവിധാനമുണ്ട്. വിലാസം: Amer@dnrd.ae
കുട്ടികൾക്കൊപ്പം രക്ഷിതാക്കളിൽ ആരെങ്കിലും ഒരാൾ ഉണ്ടാവുകയെന്നതാണ് സൗജന്യ വിസാ നടപടിയുടെ പ്രധാനമായ ഒരു മാനദണ്ഡം. രക്ഷിതാവിന്റെ വിസ ഏതാണെന്നത് ആനുകൂല്യത്തിന് തടസ്സമല്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here