2021ലേക്കുള്ള ഹജ്ജ് അപേക്ഷാ സമർപ്പണം തുടങ്ങി
കൊണ്ടോട്ടി : 2021-ലേക്കുള്ള ഹജ്ജ് അപേക്ഷാ സമർപ്പണം തുടങ്ങി. ഡിസംബർ 10 വരെ അപേക്ഷിക്കാം. ആദ്യഘട്ടത്തിൽ ഹജ്ജ് അപേക്ഷ പൂർണമായും ഓൺലൈൻവഴി അപേക്ഷിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in എന്ന വെബ്‌സൈറ്റിലും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ www.keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷാ സൗകര്യമുണ്ട്.
ആദ്യഘട്ടത്തിൽ ലഭിച്ച അപേക്ഷകളിൽനിന്ന് നറുക്കെടുപ്പിനുശേഷം തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർ അവരുടെ അപേക്ഷയും യഥാർഥ പാസ്പോർട്ടും മുൻകൂർ തുകയടച്ച രശീതി, മെഡിക്കൽ ഫിറ്റ്‌നസ്സ് സർട്ടിഫിക്കറ്റ് എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് രണ്ടാം ഘട്ടത്തിൽ നൽകണം.
ഹജ്ജ് യാത്ര 30- 35 ദിവസങ്ങളിലായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സൗദി ഹജ്ജ് അതോറിറ്റി പുറത്തിറക്കുന്ന നിബന്ധകൾക്ക് വിധേയമായിട്ടായിരിക്കും തുടർനടപടികൾ.
കോവിഡ് മാനദണ്ഡപ്രകാരം ഉള്ള നിബന്ധനകൾ പാലിക്കണം.കേന്ദ്ര ഹജ്ജ് കമ്മിറ്റിയൊരുക്കുന്ന ഏകീകൃത ബാഗേജ് ഉപയോഗിക്കണം. നിശ്ചിത എംബാർക്കേഷൻ പോയിന്റ് മുഖേന മാത്രമേ അനുവദിക്കൂ. എൻ.ആർ.ഐ. അപേക്ഷകർക്ക് പ്രത്യേക പരിഗണന ലഭിക്കില്ല. 1,50,000 രൂപയാണ് ഒന്നാംഗഡു. വർഷത്തെ യാത്രാച്ചെലവ് ഏകദേശം 3,75,000 മുതലായിരിക്കും
അപേക്ഷകർക്ക് വേണ്ട യോഗ്യതകൾ
- ജനുവരി 10 വരെ കാലാവധിയുള്ളതും ഡിസംബർ 10-നുള്ളിൽ അനുവദിച്ചതുമായ മെഷീൻ റീഡബിൾ പാസ്പോർട്ട് വേണം. 2020 നവംബർ ഏഴിന് 18 വയസ്സ് പൂർത്തിയായവരും 65 വയസ്സ് കഴിയാത്തവരുമായിരിക്കണം. ശിശുക്കളെ അനുവദിക്കില്ല.
- ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്തവരായിരിക്കണം.
- ഒരു കവറിൽ പരമാവധി മൂന്ന് പേർക്ക് മാത്രമേ അനുവദിക്കുകയുള്ളൂ.
- 2020 നവംബബർ ഏഴിന് 45 വയസ്സ് പൂർത്തിയായവരും 65 വയസ്സ് കഴിയാത്തവരുമായ പുരുഷ മെഹ്‌റം ഇല്ലാത്ത സ്ത്രീകൾക്ക് ഒരു കവറിൽ ഇസ്‌ലാമിക മദ്ഹബുകളുടെ അടിസ്ഥാനത്തിൽ നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here