നെൽവയലുകളുടെ സംരക്ഷണമുറപ്പാക്കാൻ വയലുടമകൾക്ക് റോയൽറ്റി വിതരണത്തിന് തുടക്കമായി
വയലുകളുടെ ഉടമസ്ഥർക്ക് റോയൽറ്റി വിതരണം ചെയ്യുന്നത് നെൽകർഷർക്കുള്ള പ്രോത്സാഹനത്തിനൊപ്പം നെൽവയലുകളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നെൽവയൽ ഉടമകൾക്ക് റോയൽറ്റി വിതരണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിലെ നെൽകൃഷി നഷ്ടമാണ് എന്ന പേരിൽ കൃഷിനിലം തരിശിടുന്നവർക്കും പ്രയോജനപ്പെടുന്ന ഈ പദ്ധതി കാർഷിക കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ സർക്കാർ നടത്തുന്ന ആത്മാർത്ഥമായ ഇടപെടലുകളുടെ തുടർച്ചയാണ്. പദ്ധതിപ്രകാരം 3909 കർഷകർക്കുള്ള ആനുകൂല്യത്തിന്റെ വിതരണത്തിനാണ് തുടക്കമാകുന്നത്. കർഷകരുടെ അക്കൗണ്ടുകളിൽ നേരിട്ട് പണമായിത്തന്നെ നിക്ഷേപിക്കുകയാണ്.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് ഇത്രയും ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകുന്നത്. കൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും കൃഷിക്കായി ഉപയുക്തമാക്കുകയും ചെയ്യുന്ന നിലം ഉടമകൾക്കാണ് ഈ പദ്ധതിപ്രകാരം സർക്കാർ സാമ്പത്തിക സഹായം നൽകുന്നത്.
www.aims.kerala.gov.in എന്ന പോർട്ടലിൽ അപേക്ഷിക്കുന്നവർക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ ഓരോ സാമ്പത്തിക വർഷവും ഇനി മുതൽ റോയൽറ്റി ലഭിക്കും.
നിലവിൽ നെൽകൃഷി ചെയ്യുന്ന എല്ലാ ഭൂ ഉടമകളും ഈ ആനുകൂല്യത്തിന് അർഹരാണ്. നെൽവയലുകളുടെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്താതെ പയറുവർഗങ്ങൾ, പച്ചക്കറികൾ, എള്ള്, നിലക്കടല തുടങ്ങിയ ഹൃസ്വകാലവിളകൾ കൃഷി ചെയ്യുന്ന നിലമുടമകൾക്കും റോയൽറ്റി അനുവദിക്കും. നെൽവയലുകൾ തരിശിട്ടിരിക്കുന്നവർ സ്വന്തമായോ, ഏജൻസികൾ മുഖേനയോ കൃഷിക്കായി ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലും ഈ ആനുകൂല്യം നൽകും. ഈ പദ്ധതിക്കായി 400 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൃഷിചെയ്തു ജീവിക്കുന്ന അസംഖ്യം മനുഷ്യർ ഇന്ന് നിലനിൽപ്പിനായി ഇന്ത്യയുടെ നാനാഭാഗങ്ങളിൽ പോരാട്ടത്തിലാണ്. രാജ്യത്തെ കാർഷിക കമ്പോള വ്യവസ്ഥ തന്നെ മാറ്റിയതിനാൽ മണ്ണിന്റെ അവകാശികൾ കൃഷിയിൽനിന്ന് തന്നെ പറിച്ചുമാറ്റപ്പെടുമെന്ന അവസ്ഥയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമെമ്പാടും, പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അലയടിക്കുന്നത്. എന്നാൽ കേരളത്തിൽ കാർഷികമേഖലയെയും കർഷകരെയും സംരക്ഷിക്കുന്ന സർക്കാരായതിനാൽ സ്ഥിതി വ്യത്യസ്തമാണ്. കൃഷിയെ ഒരു സംസ്‌കാരമായി വളർത്തിയാണ് സർക്കാർ കാർഷികമേഖലയുടെ വളർച്ച ഉറപ്പാക്കിയത്.
പ്രകടനപദ്ധതിയിലെ കർഷകർക്കുള്ള വാഗ്ദാനങ്ങൾ നടപ്പാക്കിയും കാർഷികോത്പാദനം വർധിപ്പിക്കാൻ സുഭിക്ഷകേരളം പോലുള്ള പദ്ധതികൾ നടപ്പാക്കിയുമാണ് സർക്കാർ കർഷകർക്കൊപ്പം നിന്നത്. കാർഷികരംഗത്തെ യന്ത്രവത്കരണം കൂടുതൽ ജനകീയമാക്കിയും, മികച്ച നടീൽ വസ്തുക്കൾ ലഭ്യമാക്കിയും, ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കിയും, മൂല്യവർധിത ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിച്ചും, ആവശ്യമായ സഹായധനം ഉറപ്പാക്കിയും കർഷകരെ സഹായിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രൊഫ: സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, ചീഫ് വിപ്പ് കെ. രാജൻ, കാർഷികോത്പാദന കമ്മീഷണർ ഇഷിതാ റോയ്, കൃഷി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, ഡയറക്ടർ ഡോ: കെ. വാസുകി തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here