വിജയാമൃതം പദ്ധതി; അപേക്ഷ ക്ഷണിച്ചു
മലപ്പുറം: ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് കാഷ് അവാർഡ് നൽകുന്ന വിജയാമൃതം പദ്ധതിയിലേക്കു സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2019-20 അധ്യയനവർഷത്തിൽ ഉന്നതവിജയം നേടിയവരെയാണ് പരിഗണിക്കുക. ബിരുദം, തത്തുല്യ കോഴ്സുകൾ, ബിരുദാനന്തര കോഴ്സുകൾ, പ്രഫഷണൽ കോഴ്സുകൾ എന്നീ വിഭാഗങ്ങളിൽ ഉന്നതവിജയം നേടിയവർക്ക് അപേക്ഷിക്കാം. ബിരുദ കോഴ്സുകൾക്ക് ആർട്സ് വിഷയങ്ങളിൽ 60 ശതമാനവും സയൻസ് വിഷയങ്ങളിൽ 80 ശതമാനവും ബിരുദാനന്തര/ പ്രഫഷണൽ കോഴ്സുകൾക്ക് 60 ശതമാനവും മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.
അപേക്ഷകൻ/അപേക്ഷക ആദ്യതവണ തന്നെ പരീക്ഷയിൽ പാസായിരിക്കണം. വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിൽ കൂടുതലോ ആയിരിക്കണം. വരുമാന പരിധി ബാധകമല്ല. നിശ്ചിത മാതൃകയിലുളള അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, വൈകല്യം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ 15 നകം ജില്ലാ സാമൂഹ്യനീതി ഓഫീസർ, സിവിൽ സ്റ്റേഷൻ മലപ്പുറം എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. അപേക്ഷാഫോറവും മറ്റുവിവരങ്ങളും
swd.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here