പുത്തൂർ–ചെനയ്‍ക്കൽ ബൈപാസ്: സ്ഥലമേറ്റെടുക്കാൻ അനുമതി
കോട്ടയ്‍ക്കൽ∙ പുത്തൂർ–ചെനയ്‍ക്കൽ ബൈപാസിന്റെ വികസന സ്വപ്‍നങ്ങൾക്കു വീണ്ടും ചിറകുമുളയ്‍ക്കുന്നു. മൂന്നാംഘട്ട സ്‍ഥലമേറ്റെടുപ്പിനുള്ള പദ്ധതി രൂപരേഖയ്‍ക്ക് സർക്കാർ അംഗീകാരം നൽകി. സാമൂഹികാഘാത പഠനം നടത്താതെ നേരിട്ടു വില നിശ്‍ചയിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. പുത്തൂർ മുതൽ ആലിക്കൽ വരെയുള്ള മൂന്നര കിലോമീറ്റർ ദൂരം ഒന്നും രണ്ടും ഘട്ടമായി പണി പുർത്തീകരിച്ചിരുന്നു. ചെനയ്‍ക്കൽ വരെയുള്ള മൂന്നാംഘട്ടത്തിനായി കഴിഞ്ഞവർഷം സംസ്‍ഥാന സർക്കാർ 21 കോടി രൂപ അനുവദിച്ചു. എന്നാൽ, സാമൂഹികാഘാത പഠനം നടത്താൻ ആവശ്യമായ ഏജൻസികളെ കിട്ടാത്തതിനാൽ സ്‍ഥലമേറ്റെടുപ്പ് അനിശ്‍ചിതത്വത്തിലായി.
കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഇടപെട്ട് കഴിഞ്ഞ ഓഗസ്‍റ്റിൽ കലക്‌ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിലാണ് പഠനം ഒഴിവാക്കി ഭൂമി നേരിട്ടു ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാറിനു സമർപ്പിക്കുകയും ചെയ്‍തു. ഇന്നലെ തിരുവനന്തപുരത്തു ചേർന്ന സംസ്‍ഥാനതല അവലോകന യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകാൻ തീരുമാനിച്ചത്. ജില്ലതല യോഗത്തിൽ കലക്‌ടർ ഭൂമിക്കു വില നിശ്‍ചയിച്ച് സർക്കാരിന് റിപ്പോർട്ട് ചെയ്‍താലുടനെ മൂന്നാംഘട്ട പ്രവൃത്തി തുടങ്ങാവുന്നതാണ്. ഒന്നര കിലോമീറ്റർ വരുന്ന സ്‍ഥലമാണ് മൂന്നാംഘട്ടത്തിനായി ഏറ്റെടുക്കാനുള്ളത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here