വെള്ളപ്പൊക്കവും അണുബാധകളും
പ്രളയജലവുമായുള്ള സമ്പര്‍ക്കം കാരണം കണ്ണ്, ചെവി, ചര്‍മ്മം, ശ്വാസകോശം എന്നീ അവയവങ്ങളില്‍ രോഗബാധയുണ്ടാവാം. ചെറിയകുട്ടികള്‍ നിറുത്താതെ കരയുന്നത് ഒരു പക്ഷെ ചെവിയില്‍ അനുബാധയുടെ ലക്ഷണമാവാം. കുട്ടിക്കത് പറയാന്‍ അറിയില്ല. ചെറിയ ജലദോഷയും തൊണ്ടവേദനവേദനയും മൂക്കൊലിപ്പുമായി തുടങ്ങി, ഇപ്പോള്‍ ചുമയും ശ്വാസംമുട്ടലുമുണ്ടെങ്കില്‍ അത് H1N1 പനിയാണോ എന്ന് സംശയിക്കണം.
രോഗി ഗര്‍ഭിണിയാണെങ്കില്‍ ആന്റിവൈറല്‍ ഗുളിക ഉടനെ കൊടുത്തുതുടങ്ങണം. H1N1 പനി ഗര്‍ഭിണികളില്‍ വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തും. പ്രളയജലം ധൂളികളായി ശ്വാസകോശത്തില്‍ കടക്കുന്നത് അണുബാധകള്‍ക്ക് കാരണമാകാം. കുട്ടികള്‍ക്ക് തൊണ്ടയിലും ശ്വാസനാളത്തിലും ശ്വാസകോശത്തിലും ഉണ്ടാകുന്ന അണുബാധയാണ് ഇതില്‍ പ്രധാനം. ഇത് പിന്നീടത് ന്യുമോണിയയിലേക്ക് നയിക്കാം.
പനി, ചുമ, കഫം, തൊണ്ടവേദന എന്നിവയാണ് ലക്ഷണങ്ങള്‍. കഫം മഞ്ഞനിറമാകുന്നത് അണുബാധയുടെ സൂചനയാണ്. ന്യുമോണിയയായി മാറിയാല്‍ ശ്വാസംമുട്ടല്‍ ഉണ്ടാവും. കഫത്തില്‍ രക്തമയം കാണാം. രോഗം ബാധിച്ചകുട്ടി അതിവേഗത്തില്‍ ശ്വസിക്കും. ഉടന്‍ തന്നെ കുട്ടിയെ ഡോക്ടറുടെ അടുത്തെത്തിക്കണം എന്നാണ് അതിന്റെ അര്‍ഥം.
അത്ര സാധാരണമല്ലെങ്കിലും ശ്രദ്ധിക്കേണ്ട ഒന്നാണ് തലച്ചോറിലെ അണുബാധ. ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വേഗം പകരും. കടുത്ത പനിയും തലവേദനയും ശര്‍ദ്ദിയുമാണ് ലക്ഷണങ്ങള്‍. ഒരു പമ്പില്‍ നിന്ന് പുറത്തേക്ക് ചാടുന്നപോലെയാവും രോഗി ശര്‍ദ്ദിക്കുക. ഡോക്ടറെ നിര്‍ബന്ധമായും കാണണം.
കൂട്ടത്തില്‍ ക്ഷയരോഗത്തിന്റെ കാര്യം മറന്നുപോകരുത്. ക്ഷയരോഗത്തിനു തുടര്‍ച്ചയായി മരുന്ന് കഴിക്കുന്നവര്‍ക്ക് ഔഷധം മുടങ്ങിപ്പോകാം എന്നതാണ് ഒന്നാമത്തെ കാര്യം. പക്ഷെ ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ ആദ്യം മുതല്‍ ശ്രദ്ധിക്കുന്നതുകൊണ്ട് പ്രശ്നമുണ്ടാവില്ല. രോഗം പുതിയതായി ബാധിച്ചവരെ കണ്ടെത്തുക എന്നതാണ് മറ്റൊരു കാര്യം. ഏതൊരാളിലും രണ്ടാഴ്ചയില്‍ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന ചുമയുണ്ടെങ്കില്‍ കഫം പരിശോധിച്ചു ക്ഷയരോഗം ഇല്ല എന്ന് ഉറപ്പുവരുത്തണം. അക്കാര്യത്തില്‍ ചമ്മല്‍ പാടില്ല.
മുറിവുകളില്‍ അണുബാധയുണ്ടാകുന്നതാണ് മറ്റൊരു വിഷയം. അവ നന്നായി കഴുകി ഡ്രസ്സ് ചെയ്യണം. ഡോക്ടറുടെ നിദ്ദേശപ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ടി വരും. മുറിവിലൂടെ റ്റെറ്റനസ് അണുബാധ പിടികൂടുക എന്നതാണ് മറ്റൊരപകടം. പ്രതിരോധകുത്തിവെയ്പ്പുകള്‍ എടുത്തിട്ടുള്ളവര്‍ ഇക്കാര്യത്തില്‍ പേടിക്കേണ്ടതില്ല. എന്നാല്‍ റ്റെറ്റനസിനെതിരെ പ്രതിരോധം നല്‍കുന്ന DPT, Pentavalent എന്നിവയുടെ വാക്സിനേഷനുകള്‍ എടുത്തിട്ടില്ലാത്ത ചെറിയ കുട്ടികള്‍ക്കും DT വാക്സിനേഷന്‍ എടുത്തിട്ടില്ലാത്ത വലിയ കുട്ടികള്‍ക്കും റിസ്ക്കുണ്ട്. മുതിര്‍ന്നവര്‍ TT എടുത്താല്‍ മതി. കുട്ടികള്‍ക്ക് മുടങ്ങിയ വാക്സിനേഷനുകള്‍ നല്‍ക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ ഡോക്ടരുടെയോ ആരോഗ്യപ്രവര്‍ത്തകരുടെയോ ഉപദേശം തേടുക.
-ഡോ.ജി.ആർ.സന്തോഷ് കുമാർ
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here