കൊറോണ മുൻകരുതൽ; വളാഞ്ചേരി മുൻസിപ്പൽ പരിധിയിൽ 13 പേർ നിരീക്ഷണത്തിൽ
വളാഞ്ചേരി: കോവിഡ് ബാധിത പ്രദേശങ്ങളിൽ നിന്നും വന്ന് ജലദോഷം, പനിയുള്ളവരായി 13 പേർ വളാഞ്ചേരി മുൻസിപൽ പരിധിയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതായി വളാഞ്ചേരി മുനിസിപൽ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 28 ദിവസം ഇവർ വീടുകളിൽ വിശ്രമിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാല്‍ പ്രദേശത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വളാഞ്ചേരി മുൻസിപ്പാലിറ്റിയില്‍ വെച്ച് മുന്‍കരുതലുമായി ചേര്‍ന്ന യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്ന പ്രക്രിയ നടക്കുന്നതിനാൽ കൂട്ടത്തോടെ ആളുകൾ എത്തുന്നതിനാൽ ഇത് താൽക്കാലികമായി നിർത്തിവെക്കാൻ മേലാധികാരികൾക്ക് നിർദ്ദേശം നൽകാൻ വ്യാഴാഴ്ച നടന്ന യോഗത്തിൽ തീരുമാനിച്ചു.
വെള്ളിയാഴ്ച ബോധവൽക്കരണങ്ങളുടെ ഭാഗമായി മൈക്ക് അനൗൺസ്മെന്റ് നടത്തും. ജുമുഅ നമസ്കാരത്തിന്റെ സമയം കുറക്കാനും നിർദ്ദേശം നൽകിയതായി ചെയർപേഴ്സൺ CK റുഫീന, സെക്രട്ടറി എസ്.സുനിൽകുമാർ, കെ.എം ഉണ്ണികൃഷണൻ, ടി.പി അബ്ദുൽ ഗഫൂർ, സി.അബ്ദുൽ നാസർ, സി.രാമകൃഷ്ണൻ, മൂർക്കത്ത് മുസ്തഫ, ഹെൽത്ത് ഇൻസ്പെക്ടർ എൻ എൻ ബഷീർ എന്നിവർ അറിയിച്ചു.
വിദേശത്ത് നിന്നും വന്ന എല്ലാവരും എല്ലായിടത്തും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. നിരീക്ഷണം എന്നതുകൊണ്ട് സ്ഥിരീകരണം എന്നതല്ല. വളാഞ്ചേരിയിൽ പരിസരപ്രദേശങ്ങളിലും നിലവിൽ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. വിദേശത്തു നിന്ന് വന്നവർ ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്തു എന്നത് മാത്രമാണ് നിരീക്ഷണം കൊണ്ട് അർത്ഥമാക്കുന്നത്. വളാഞ്ചേരിയിൽ പരിസരത്തും കൊറോണ ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഇല്ലാത്തതിനാൽ ആരും പരിഭ്രാന്തരാവേണ്ടതില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here