കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിൽ തലവരി ആവശ്യപ്പെടുന്നതായി പരാതി
കുറ്റിപ്പുറം: സ്വകാര്യ സ്കൂളുകളെ വെല്ലുന്ന രീതിയിൽ തലവരി പിരിവുമായി സർക്കാർ സ്കൂളുകൾ. സർക്കാർ ടെക്നിക്കൽ സ്കൂളുകളിലാണ് പി.ടി.എ ഫണ്ടെന്ന പേരിൽ വൻ തുക പിരിവ് നടത്തുന്നത്. 2,000 രൂപ
അടക്കാനാണ് സ്കൂൾ അധികൃതർ രക്ഷിതാക്കളോട് ആവശ്യപ്പെടുന്നത്. രക്ഷിതാക്കൾക്ക് പകരം സ്കൂൾ സൂപ്രണ്ടുമാർ പി.ടി.എ പ്രസിഡൻറായിട്ടുള്ള ടെക്നിക്കൽ സ്കൂളുകളിലാണ് വൻ തുക പി.ടി.എ ഫണ്ടെന്ന പേരിൽ പിരിക്കുന്നത്. കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിൽ പ്രവേശനത്തിന് വരുന്നവർ സ്കൂൾ ഫീസ് 190 രൂപ, പി.ടി.എ ഫണ്ട് 2,000 രൂപ എന്നിവ അടക്കണമെന്ന് രേഖപ്പെടുത്തി സൂപ്രണ്ട് ഒപ്പിട്ട് സ്കൂളിൽ നോട്ടീസ് പതിച്ചിട്ടുണ്ട്.
സർക്കാർ സ്കൂളുകളിലടക്കം പി.ടി.എ ഫണ്ടെന്ന പേരിൽ തുക പിരിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിൽ പരാതി ഉയർന്നാൽ സ്കൂൾ മേധാവിക്കെതിരെ നടപടിയെടുക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനക്ക് പുല്ലുവില കൽപിച്ചാണ് വൻ തുക സർക്കാർ സ്കൂളുകളിൽ പിരിച്ചെടുക്കുന്നത്.രണ്ട് ബാച്ചുകളിലായി 120 പേർക്കാണ് കുറ്റിപ്പുറം ടി.എച്ച്.എസ്.എസിൽ പ്രവേശനം ലഭിക്കുക. 2,000 രൂപ വീതം ഒരു കുട്ടിയിൽനിന്ന് പിരിച്ചെടുത്താൽ 2.40 ലക്ഷം രൂപ വരും.
പണപ്പിരിവിനെതിരെ രക്ഷിതാക്കൾ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം, ഇത്തവണ കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിൽ കഴിഞ്ഞ വർഷത്തേക്കാൾ 100 അപേക്ഷകർ കുറവാണ്.
കഴിഞ്ഞതവണ 450 പേർ പ്രവേശന പരീക്ഷ എഴുതിയിരുന്നെങ്കിലും ഇത്തവണ 320 പേർ മാത്രമാണ് പരീക്ഷക്ക് അപേക്ഷിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here