എടയൂർ അത്തിപ്പറ്റയിലെ കോഴിമാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധക്കൂട്ടായ്മ
എടയൂർ: അത്തിപ്പറ്റ പഴയ ചന്തയിൽ പ്രവർത്തിക്കുന്ന കോഴിമാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ. പ്ലാന്റിന്റെ പ്രവർത്തനം ശാസ്ത്രീയമല്ലെന്നും അസഹ്യമായ ദുർഗന്ധത്താൽ പൊറുതിമുട്ടുകയാണെന്നും നാട്ടുകാർ ആക്ഷേപിക്കുന്നു. പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ എതിർപ്പ് വകവെക്കാതെയാണ് എടയൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി സ്ഥാപനത്തിന് ലൈസൻസ് പുതുക്കിനൽകുന്നതെന്നും പ്ലാന്റിന്റെ പ്രവർത്തനം ഉടൻ നിർത്തണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ 10-ന് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തും. അത്തിപ്പറ്റയിൽനിന്ന് തുടങ്ങുന്ന പ്രതിഷേധമാർച്ചിൽ എല്ലാവരും പങ്കെടുക്കണമെന്ന് സമരസമിതി ഭാരവാഹികളായ പി.എം. മോഹനൻ, അഷ്‌കർ അലി തോട്ടത്തൊടി എന്നിവർ അഭ്യർഥിച്ചു. പ്ലാന്റിനെതിരേ കഴിഞ്ഞ ദിവസം അത്തിപ്പറ്റയിൽ നടന്ന ജനകീയ കൺവെൻഷൻ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വി.പി.എം. സക്കറിയ ഉദ്ഘാടനം ചെയ്തു. പി.എം. മോഹനൻ അധ്യക്ഷനായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here