അത്തിപ്പറ്റ ഉസ്താദ് ഉറൂസ് മുബാറക് സമാപിച്ചു
വളാഞ്ചേരി : പണ്ഡിതനും സൂഫിവര്യനുമായിരുന്ന അത്തിപ്പറ്റ ഉസ്താദിന്റെ നാലാം ഉറൂസ് മുബാറക് സമാപിച്ചു. രാവിലെ ഉസ്താദ് ഡോ. ബാഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാടിന്റെ പ്രാർഥനയോടെ മൗലീദ് മജ്‌ലിസും ഖുർആൻ പ്രാർഥനാ സദസ്സും തുടങ്ങി. സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്തു. അന്നദാന ഉദ്ഘാടനം ജിഫ്രി മുത്തുക്കോയ തങ്ങൾ ഇ.കെ. മൊയ്തീൻഹാജി പല്ലാറിന് നൽകി നിർവഹിച്ചു. പൂക്കോയത്തങ്ങൾ കാടാമ്പുഴ അധ്യക്ഷതവഹിച്ചു. 25,000 പേർക്കായിരുന്നു അന്നദാനം. സമാപനസമ്മേളനത്തിന്റെ പ്രാർഥനയ്ക്ക് കോഴിക്കോട് ഖാസി നാസർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വംനൽകി. ഫത്ഹുൽ ഫത്താഹ് വിദ്യാർഥികൾക്ക് നടക്കാവിൽ ആശുപത്രി നൽകുന്ന ചികിത്സാപദ്ധതിയുടെ പ്രഖ്യാപനം ആശുപത്രി എം.ഡി. ഡോ. എൻ. മുഹമ്മദാലി ഫത്ഹുൽ ഫത്താഹ് മാനേജർ മുഹമ്മദ് ഫൈസി ഉസ്താദിന് കാർഡ് നൽകി നിർവഹിച്ചു.
എം.ടി. അബ്ദുള്ള മുസ്‌ലിയാർ, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ., യു. കുഞ്ഞാലു ബാഖവി, ഹുസൈൻകോയ തങ്ങൾ കുളമംഗലം, അസീസ് മുസ്‌ലിയാർ മൂത്തേടം, അബ്ദുറഹ്‌മാൻ ഫൈസി വളവന്നൂർ, സുലൈമാൻ ലത്തീഫി കാടാമ്പുഴ, പോക്കർഹാജി കോഴിച്ചെന, മുട്ടിക്കൽ മൊയ്തീൻകുട്ടി മുസ്‌ലിയാർ അത്തിപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here