കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിൽ നിന്ന് പഠനയാത്ര കഴിഞ്ഞു മടങ്ങിയ വിദ്യാർഥികൾക്കുനേരേ അക്രമം; അധ്യാപകനുൾപ്പെടെ 11 പേർക്കു പരിക്ക്
ചാലിശ്ശേരി: കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിൽനിന്ന് നെല്ലിയാമ്പതിയിലേക്കു പഠനയാത്ര നടത്തി തിരിച്ചുവരികയായിരുന്ന വിദ്യാർഥിസംഘത്തിനു നേരെ അക്രമം. ബസിലെ പെൺകുട്ടികളെ ശല്യംചെയ്തതിനെ ചോദ്യംചെയ്ത ആൺകുട്ടികളും അധ്യാപകരുമാണു ആറങ്ങോട്ടുകരയിൽ ക്രൂരമായ ആക്രമണത്തിനിരയായത്. ഒരധ്യാപകനുൾപ്പെടെ ഏഴുപേരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും നാലു പെൺകുട്ടികളെ പട്ടാമ്പി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിന്‍റെ ചില്ലുകളും അടിച്ചുതകർത്തു. അധ്യാപകൻ സുബൈറിന്റെ കൈയുടെ എല്ലു പൊട്ടിയിട്ടുണ്ട്. ഇരുമ്പകശ്ശേരി സ്വദേശികളായ ജുനൈദ് (23), ജുബൈർ (26) എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നു ചാലിശ്ശേരി പോലീസ് പറഞ്ഞു. ഇരുവരും കൊലപാതകക്കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് 6.30-നാണ് സംഭവം. കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ രണ്ടാംവർഷ ബി.എസ്.ഡബ്ല്യു. ബാച്ചിലെ വിദ്യാർഥികളും രണ്ട് അധ്യാപകരുമടക്കം 30 പേരാണ് ബസിലുണ്ടായിരുന്നത്. ഒരു അധ്യാപകനെ വീട്ടിലിറക്കാനായി ആറങ്ങോട്ടുകരയിൽ ബസ് നിർത്തിയതായിരുന്നു. ഈ സമയത്ത് ബസിലെ പെൺകുട്ടികളെ സംഘം ശല്യപ്പെടുത്തി. ഇതിനെ അധ്യാപകരും മറ്റു കുട്ടികളും ചോദ്യംചെയ്യുകയും ചെയ്തു. ഇതിൽ പ്രകോപിതരായ സംഘം വീട്ടിൽച്ചെന്ന് ആയുധങ്ങളുമായി തിരിച്ചെത്തി വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
വിദ്യാർഥികളെ അടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങൾ നാട്ടുകാർ പകർത്തിയിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here