പൊലീസ് മോശമായി പെരുമാറിയെന്ന് ആരോപണം: വളാഞ്ചേരിയിൽ ഓട്ടോ ഡ്രൈവർ പ്രകടനം നടത്തി
വളാഞ്ചേരി ∙ പിടിച്ചിട്ട ഓട്ടോറിക്ഷകളുടെ വിവരം അന്വേഷിക്കാൻ പൊലീസ്‍ സ്റ്റേഷനിലെത്തിയ
ഡ്രൈവർമാരോടും യൂണിയൻ നേതാക്കളോടും പൊലീസ് മോശമായി പെരുമാറി എന്ന് ആരോപിച്ചു വളാഞ്ചേരി മോട്ടോർ കോഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
ടൗണിൽ ദേശീയപാതയോരത്ത് കോഴിക്കോട് റോഡിൽ നിർത്തിയിട്ടിരുന്ന നാല് ഓട്ടോറിക്ഷകൾ ഇന്നലെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനത്തിനു വിരുദ്ധമായി പാർക്കിങ് നടത്തിയതിനാണ് ഓട്ടോറിക്ഷകൾ കസ്റ്റഡിയിൽ എടുത്തതെന്ന് വളാഞ്ചേരി എസ്ഐ ബഷീർ സി.ചിറയ്ക്കൽ പറഞ്ഞു.
കേസ് എടുത്തിരുന്നില്ലെന്നും എസ്ഐ പറഞ്ഞു. ഈ വിവരം തിരക്കാനാണ് ഡ്രൈവർമാരും യൂണിയൻ നേതാക്കളും പൊലീസ് സ്റ്റേഷനിൽ എത്തിയത്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം പറഞ്ഞ് ഓട്ടോറിക്ഷകൾക്കെതിരെ മാത്രം പൊലീസ് നടപടിയെടുക്കുകയാണെന്നും നിയമം തെറ്റിക്കുന്ന എല്ലാ വാഹനങ്ങൾക്കെതിരെയും നടപടി കർശനമാക്കുകയാണ് വേണ്ടതെന്നും മോട്ടോർ കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
പ്രകടനത്തിന് കൺവീനർ എം.ജയകുമാർ, പി.സൈതാലിക്കുട്ടി, വി.പി.ഹംസ, ഇ.പി.മുഹമ്മദലി, പി.പി.മോഹനൻ, വി.പി.മുനീർ, മുഹമ്മദുകുട്ടി കരേക്കാട്, എം.ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here