വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് വിലക്ക്; പ്രതിഷേധം
കൊണ്ടോട്ടി ∙ കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷ പ്രവേശിക്കുന്നതു വിലക്കിയതിനെതിരെ പ്രതിഷേധം. നിയമം തെറ്റിച്ചാൽ 3,000 രൂപ പിഴ ഈടാക്കുമെന്ന്, പ്രവേശനം നിഷേധിച്ചു സ്ഥാപിച്ച ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തീരുമാനം സാധാരണക്കാരായ യാത്രക്കാരെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു പ്രതിഷേധം. ബസ് ഇറങ്ങി ഓട്ടോ വിളിച്ചു വിമാനത്താവളത്തിലേക്കു പോകുന്നവർക്കാണു ബുദ്ധിമുട്ട്.
പാർക്കിങ് ഫീസ് പിരിക്കുന്ന കൗണ്ടർ ഉൾപ്പെടുന്ന പ്രധാന കവാടം എത്തുന്നതിനു തൊട്ടുമുൻപാണ് പ്രവേശനം വിലക്കി ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. പ്രധാന കവാടത്തിലൂടെ ഓട്ടോറിക്ഷയുമായി ടെർമിനലിനു മുന്നിലേക്കു പോകാമായിരുന്നു. ഇനി മുതൽ കവാടം എത്തുന്നതിനു മുൻപുതന്നെ യാത്രക്കാരെ ഇറക്കേണ്ടിവരും. വിദേശത്തേക്കു പോകാൻ ലഗേജുമായി ഓട്ടോറിക്ഷയിൽ എത്തുന്നവർക്കു പുറമെ, യാത്രക്കാരെ കൊണ്ടുപോകാൻ ഓട്ടോറിക്ഷയുമായി എത്തുന്ന ബന്ധുക്കളുമുണ്ട്.
അവരെയെല്ലാം വിഷമിപ്പിക്കുന്നതാണ് എയർപോർട്ട് അതോറിറ്റിയുടെ തീരുമാനം. സമീപപ്രദേശങ്ങളിലുള്ളവർ ഓട്ടോറിക്ഷകളിൽ വിമാനത്താവളത്തിൽ എത്തുന്നതു പതിവാണ്. ഓട്ടോറിക്ഷ ഇറങ്ങി ലഗേജുമായി നടക്കേണ്ടിവരും. ഓട്ടോറിക്ഷാ തൊഴിലാളികളെയും തീരുമാനം ബാധിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here