കുറ്റിപ്പുറം എം.ഇ.എസ് കോളേജിന് അഭിമാന നേട്ടം; ‘ആയുധ’ക്ക് ദേശീയതലത്തിൽ ഒന്നാമത്
കുറ്റിപ്പുറം: കേന്ദ്ര പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള DRDO നടത്തിയ പ്രൊജക്ട് കോംപറ്റിഷനിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിലെ അവസാന വർഷ വിദ്യാർഥികളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സർക്യൂട്ടുകളെ സ്വപനം കണ്ടു നടക്കുന്ന ദിബുവിനോടൊപ്പം ഫാരിസ്, ഫാസില, ബാസിത്, സൂരജ് എന്നിവർ ചേർന്നപ്പോൾ രൂപം കൊണ്ടത് പ്രതിരോധ മേഖലയിലെ ഏത് പ്രതികൂല സാഹചര്യത്തിലും കടന്ന് ചെല്ലാവുന്ന ‘ആയുധ’ എന്ന വയർലസ് റോബോട്ട്. എം.ഇ.എസിലെ അവസാന വർഷ പ്രൊജക്ടിന്റെ ഭാഗമായി കോളജിലെ ഫാബ് ലാബിൽ വികസിപ്പിച്ചെടുത്ത ഈ റോബോട്ടാണിപ്പോൾ ഡി.ആർ.ഡി.ഒയുടെ വജ്ര ജൂബിലിയുടെ ഭാഗമായി നടത്തിയ DRUSE (DRDO Robotics and Unmanned System Expositions) എന്ന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയിരിക്കുന്നത്.
പ്രതിരോധാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ആളില്ലാ സംവിധാനങ്ങൾ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുക്കുന്നതിൽ, വിദ്യാർഥികൾക്കിടയിലെ ദേശീയ പ്രതിഭകളെ കണ്ടെത്താനുള്ള DRUSE ൽ ഒന്നാമതെത്തി ഒന്നര ലക്ഷം രൂപ സമ്മാനത്തുകയും ട്രോഫിയുമാണ് ഈ മിടുക്കർ കൈക്കലാക്കിയത്.
സാങ്കേതിക തികവിൽ മലയാളി വിദ്യാർഥികൾ ഒട്ടും പിറകിലല്ലെന്ന് തെളിയിച്ച മത്സരത്തിൽ ഐ.ഐ.ടി ഖരഗ്പൂരിലെയും പൂനെ കോളജ് ഓഫ് എഞ്ചിനീയറിങ്ങിലെയും മത്സരാർഥികളെ രണ്ടും മൂന്നും സ്ഥാനങ്ങളിലേയ്ക്ക് പിന്തള്ളി. ഈ കിരീടം കോളജിനൊരു സിൽവർ ജൂബിലി സമ്മാനമായി.
ഇവരുടെ ഈ സംരഭത്തിന് മികച്ച പിന്തുണയുമായി കോളേജിലെ അധ്യാപകരായ ഡോ മായ, ഷൈൻ എന്നിവർ കൂടെയുണ്ടായിരുന്നു. വിജയികളായ ദിബു, ഫാരിസ്, ഫാസില, ബാസിത്, സൂരജ് എന്നിവർക്ക് വളാഞ്ചേരി ഓൺലൈനിന്റെ സ്നേഹാഭിനന്ദനങ്ങൾ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here