സജീവമാവുന്ന ദേശീയപാതയോരത്തെ മുളയരി പായസം വിൽപ്പന
വളാഞ്ചേരി: ആദിവാസി വിഭാഗങ്ങളുടെയും മലമ്പ്രദേശത്തുള്ളവരുടെയും പ്രധാന ഭക്ഷണ വിഭവങ്ങളിലൊന്നായ മുളയരിക്കിന്ന് നാഗരികർക്കിടയിൽ പ്രിയമേറുന്നു. നെല്ല് ഉൾപ്പെട്ട അരി വർഗ്ഗത്തിന് സമാനമായ ഭക്ഷ്യ വിഭവമായ മുളയരി ഏറെ ഔഷധഗുണം നിറഞ്ഞതാണ്.
പ്രോട്ടീൻ നിറഞ്ഞ ഇവ ആസ്മയ്ക്ക് മരുന്നായും ഉപയോഗിക്കുന്നു. തൃശൂർ-കോഴിക്കോട് ദേശീയ പാത വട്ടപ്പാറ വളവിന് സമീപത്തായി മുളയരി കൊണ്ടുണ്ടാക്കിയ പായസത്തിന് ഏറെ ആവശ്യക്കാരാണ് വന്നെത്തുന്നത്. ആഴ്ചകൾക്കകം മൂന്ന് ചെറു കടകളാണ് വട്ടപ്പാറ പാതയോരത്ത് ആരംഭിച്ചിട്ടുള്ളത്. ഉച്ചകഴിഞ്ഞ് തുടങ്ങുന്ന വിൽപ്പന മണിക്കൂറുകൾക്കുള്ളിൽ അവസാനിക്കും. ഒരു ഗ്ലാസ് പായസത്തിന് ഇരുപത് രൂപയാണ് വില.
കാവുംപുറം, കഞ്ഞിപ്പുര സ്വദേശികളാണ് കച്ചവടക്കാർ. ഔഷധശാലകളിൽ നിന്നും വാങ്ങിക്കുന്ന മുളയരി ഉപയോഗിച്ച് തങ്ങളുടെ വീടുകളിൽത്തന്നെയാണ് പായസം തയ്യാറാക്കുന്നത്. യാത്രക്കാരിൽ മിക്കവരും കൗതുകത്തിന്റെ പുറത്താണ് പായസ രുചിയറിയാനായി വണ്ടിയൊതുക്കിയെത്തുന്നത്. ആഴ്ചകൾ പിന്നിടുമ്പോൾ പായസ്സവിൽപ്പന മെച്ചമാണെന്ന് കച്ചവടക്കാർ പറയുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here