ബി.എഡുകാർക്ക് പ്രൈമറി സ്കൂൾ അദ്ധ്യാപകരാകാൻ അർഹതയില്ല: സുപ്രീം കോടതി
ന്യൂഡൽഹി : ബി.എഡുകാർക്ക് പ്രൈമറി സ്കൂൾ അദ്ധ്യാപകരാകാൻ അർഹതയില്ലെന്ന് സുപ്രീംകോടതി. ബി.എഡുകാർക്കും പ്രൈമറി സ്കൂൾ അദ്ധ്യാപകരാകാമെന്ന് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ (എൻ.സി.ടി.ഇ) 2018ൽ വിജ്ഞാനമിറക്കിയിരുന്നു. ഈ നടപടി റദ്ദാക്കിക്കൊണ്ടുളള രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരി വയ്ക്കുകയായിരുന്നു.
പ്രൈമറി തലത്തിലെ ഒന്നു മുതൽ അഞ്ച് വരെയുളള ക്ലാസുകളിൽ പഠിപ്പിക്കാൻ ബി.എഡ് ഒരു യോഗ്യതയേ അല്ലെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. രാജസ്ഥാൻ ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി തളളി. എൻ.സി.ടി.ഇ വ്യവസ്ഥ പ്രകാരം തന്നെ ഡിപ്ലോമ ഇൻ എലമെന്ററി എജ്യൂക്കേഷനാണ് പ്രൈമറി സ്കൂൾ അദ്ധ്യാപകരാകാനുളള അവശ്യ യോഗ്യതയെന്ന് സുപ്രീംകോടതി നിലപാടെടുത്തു.
സുപ്രീം കോടതിനിരീക്ഷണം
ബി.എഡുകാർക്കും പ്രൈമറി സ്കൂൾ അദ്ധ്യാപകരാകാമെന്ന എൻ.സി.ടി. നിലപാട് യുക്തിരഹിതം
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഉദ്ദ്യേശലക്ഷ്യങ്ങൾക്ക് എതിര്. സൗജന്യവും, നിർബന്ധവുമെന്നത് മാത്രമല്ല, ഗുണനിലവാരമുളള വിദ്യാഭ്യാസവും കൂടി നൽകുകയാണ് നിയമത്തിന്റെ ലക്ഷ്യം.
ഡിപ്ലോമ ഇൻ എലമെന്ററി എജ്യൂക്കേഷൻ യോഗ്യതയുളളവർ പ്രൈമറി തല കുട്ടികളെ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം നേടിയവരാണ്.
ബി.എഡുകാർ സെക്കൻഡറി, ഹയർ സെക്കൻഡറി തല കുട്ടികളെ പഠിപ്പിക്കാനാണ് പരിശീലനം നേടുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here