വിജയലക്ഷ്‍മിക്ക് വീടൊരുക്കാൻ ബിരിയാണി ഫെസ്‍റ്റ് നടത്തി മങ്കട ഗവ. കോളജ് വിദ്യാർഥികൾ
കൊളത്തൂർ: മങ്കട ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റ് നാട്ടുകാരുടെ സഹായത്തോടെ കിഡ്നി രോഗിയായ മൂർക്കനാട് ഇയ്യക്കാട് കരണക്കോട്ടിൽ വിജയലക്ഷ്മിക്ക് നിർമ്മിച്ച് നല്കുന്ന വീടിന്റെ ധനശേഖരണാർത്ഥം കോളേജ് ക്യാമ്പസിൽ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു.
വൃക്കരോഗിയായ വിജയലക്ഷ്‍മി ചികിത്സയ്ക്കായാണ് വീടുവിറ്റത്. സ്വന്തമായുള്ള ആറു സെന്റ് സ്‍ഥലത്ത് വീടിനു സഹായത്തിനായി സർക്കാർ പദ്ധതികൾക്ക് ശ്രമം നടത്തിയെങ്കിലും ഭൂമിയുടെ രേഖ സംബന്ധിച്ച കുരുക്ക് തടസ്സമായി. ഇതോടെ അന്തിയുറക്കം പീടികക്കോലായിലായി. ഈ ദുരവസ്‍ഥ ശ്രദ്ധയിൽപെട്ടതോടെയാണ് ജനകീയ കൂട്ടായ്‍മയിൽ വിദ്യാർഥികൾ വീടു നിർമാണത്തിന് സന്നദ്ധരായത്.
കോളജിലെ എൻഎസ്എസ് വൊളന്റിയർമാരുടെ നേതൃത്വത്തിലാണ് വീടു നിർമിക്കുന്നത്. കല്ലു ചുമക്കലും മറ്റു പണികളുമെല്ലാം വിദ്യാർഥികൾതന്നെ. തറ പൂർത്തിയായി.ഒട്ടേറെ സുമനസ്സുകൾ സഹായിച്ചു. ഇതു തികയാതെ വന്നതോടെയാണ് പണം കണ്ടെത്താൻ കോളജ് ക്യാംപസിൽ ബിരിയാണി വച്ചത്. ബിരിയാണിപ്പൊതികളുമായി കടകളിലും വീടുകളിലും എത്തി. 100 രൂപ സംഭാവന കൈപ്പറ്റിയാണ് ബിരിയാണി നൽകിയത്.
ആയിരത്തോളം പൊതികൾ നൽകി. കുട്ടികളുടെ നന്മ തിരിച്ചറിഞ്ഞ ചിലർ കൂടുതൽ പണം നൽകി.ബിരിയാണി ഫെസ്‍റ്റ് മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.രാജഗോപാലൻ ഉദ്ഘാടനം ചെയ്‍തു. സ്‍ഥിരസമിതി അധ്യക്ഷൻ ടി.മുരളി, ഷാഹിന, പി.പി.സുധീർ, പ്രിൻസിപ്പൽ ഡോ. വീരമണികണ്ഠൻ, പ്രോഗ്രാം ഓഫിസർ ഡോ. കെ.അബ്‍ദുൽ വഹാബ്, ആർ.സി.അക്ഷയ് എന്നിവർ പ്രസംഗിച്ചു. പി.മുഹമ്മദ് ബാസിം, ജുനൈദ്, സൂരജ്, എൻ.അഖില, ഫാത്തിമ തബ്‍ശി, സുൽഫിക്കർ എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here