ഒന്നര നൂറ്റാണ്ടു നീണ്ട അന്വേഷണത്തിനൊടുവില്‍ വൈദ്യപണ്ഡിതൻ വാസുണ്ണി മൂസതിന്റെ ജന്മഗൃഹം കണ്ടെത്തി
തിരൂര്‍: ഒന്നര നൂറ്റാണ്ടായി കേരളത്തിലെ ചരിത്രഗവേഷകര്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ സംസ്‌കൃത വൈദ്യ പണ്ഡിതനും കവിയുമായിരുന്ന വെള്ളാനശ്ശേരി വാസുണ്ണി മൂസതിന്റെ ജന്മഗ്രഹം കണ്ടെത്തി. തിരൂരിന് സമീപം തെക്കന്‍ കുറ്റൂരിലാണ് വാസുണ്ണി മൂസതിന്റെ ജന്മഗ്രഹമെന്ന് സ്ഥിരീകരിച്ചത്.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല യു.ജി.സിക്ക് വേണ്ടി മലപ്പുറം ജില്ലയുടെ സംസ്‌കൃത പാരമ്പര്യം എന്ന വിഷയത്തില്‍ നടത്തുന്ന പ്രോജക്ടിന്റെ ഭാഗമായി തിരുന്നാവായ റീ-എക്കൗ പ്രവര്‍ത്തകരാണ് സമഗ്രമായ അന്വേഷണത്തിലൂടെ കവിയുടെ ജന്മഗ്രഹം കണ്ടെത്താന്‍ വഴിയൊരുക്കിയത്. വെട്ടത്ത് നാട് കുറ്റൂര്‍ അംശത്തില്‍ കൊല്ലവര്‍ഷം 1030 കുഭം 10ന് മൂലം നാളില്‍ വാസുണ്ണി മൂസത് ജനിച്ചു എന്നു മാത്രമേ പൊന്നാനിയില്‍ രേഖപ്പെടുത്തിയിരുന്നുള്ളൂ. കേരളത്തില്‍ ആദ്യമായി വൈദ്യശാസ്ത്രത്തെ ജനകീയമാക്കുന്നതിനായി ആരോഗ്യ ചിന്താമണി വൈദ്യശാല തെക്കന്‍ കുറ്റൂരിലാണ് ആരംഭിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ വൈദ്യശാലയില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ രൂപീകരണം സംബന്ധിച്ച് 1077ല്‍ യോഗം ചേര്‍ന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുനൂറോളം വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന അന്നത്തെ ഏറ്റവും വലിയ സംസ്‌കൃത വിദ്യാലയം വാസുണ്ണി മൂസത് നടത്തിയിരുന്നു. ഇതിന്റെ ഓഫിസ് സീലും ഗവേഷകര്‍ കണ്ടെത്തി.
ബ്രിട്ടീഷ് ഗവണ്‍മെന്റ് ഈ വിദ്യാലയത്തില്‍ ബിരുദം നേടിയവര്‍ക്ക് അഡ്വാന്‍സ് സ്റ്റഡീസ് സംസ്‌കൃത സ്‌കൂള്‍ എന്ന പേരില്‍ അംഗീകാരം നല്‍കിയിരുന്നുവത്രേ. 1060 ല്‍ വിജ്ഞാന ചിന്താമണി എന്ന സംസ്‌കൃത മാഗസിന്‍ തുടങ്ങി രണ്ടു വര്‍ഷത്തിന് ശേഷം പുന്നശ്ശേരി നമ്പിക്ക് കൈമാറുകയായിരുന്നു. കഥകളി ജനകീയമാക്കുന്നതിലും ഇദ്ദേഹം മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. വൃത്തരത്‌നമാല, സംസ്‌കൃത പാഠാവലി തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായ് യാതൊരുവിധ സ്മാരകവും ഇതുവരെ ഉണ്ടായിട്ടില്ല. ഇദ്ദേഹത്തിന്റെ നിരവധി ഗ്രന്ഥങ്ങള്‍ അന്യാധീനപ്പെട്ടു പോകുകയും ചെയ്തു. വാസുണ്ണി മൂസത് ഉപയോഗിച്ചിരുന്ന ഗ്രന്ഥങ്ങളും താലിയോല ഗ്രന്ഥങ്ങളും ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്. ഇതു പഠനവിധേയമാക്കാനും കേടു കൂടാതെ സൂക്ഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ സംസ്‌കൃത സര്‍വകലാശാലയും റീ-എക്കൗയും ചേര്‍ന്ന് കൈക്കൊള്ളാനാണ് തീരുമാനിച്ചിട്ടുള്ളത്. സംസ്‌കൃത സര്‍വകലാശാലയിലെ സംസ്‌കൃത മേധാവി ഡോ. ജയന്തി, കാടാമ്പുഴ മൂസ ഗുരുക്കള്‍, റീ-എക്കൗ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാഹിദ് പല്ലാര്‍, ചിറക്കല്‍ ഉമ്മര്‍, അനൂപ് വളാഞ്ചേരി, ഫസലു പാമ്പലത്ത്, റഫീഖ്, ഹനീഫ കരിമ്പനക്കല്‍, അരീക്കര ഭവത്രദന്‍ നമ്പൂതിരി, മിത്രം കൊ-ഓഡിനേറ്റര്‍ സി.കെ നവാസ്, സി.പി സാദിഖ്, ആദില്‍, മുനീര്‍ തിരുത്തി എന്നിവരുടെ നേത്യത്വത്തിലാണ് ജന്മഗൃഹം സന്ദര്‍ശിച്ച് പുരാരേഖകള്‍ പരിശോധിച്ചത്. വെള്ളാനശ്ശേരി തറവാട്ടിലെത്തിയ അന്വേഷണ സംഘത്തെ പിന്‍തലമുറക്കാരായ കേശവന്‍ മൂസത്, നാരായണന്‍ മൂസത്, പാര്‍വ്വതി ടീച്ചര്‍, പാര്‍വ്വതി എന്നിവര്‍ സ്വീകരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here