സേവാഭാരതി ഉണ്ണിയിലൂടെ വളാഞ്ചേരി നഗരസഭയിൽ അക്കൗണ്ട് തുറന്ന് ബി.ജെ.പി
വളാഞ്ചേരി: ചരിത്രത്തിലാദ്യമായി വളാഞ്ചേരി നഗരസഭയിൽ താമര വിരിയിച്ച് എൻ.ഡി.എ. അക്കൗണ്ട് തുറന്നത് ചാത്തങ്കാവ് കമ്പിവളപ്പിൽ ഉണ്ണിക്കൃഷ്ണൻ എന്ന സേവാഭാരതി പ്രവർത്തകൻ. വളാഞ്ചേരിയിലും സമീപപ്രദേശങ്ങളിലും ഇദ്ദേഹം ‘സേവാഭാരതി ഉണ്ണി’ എന്നാണറിയപ്പെടുന്നത്. രണ്ടുപതിറ്റാണ്ടിലേറെയായി സേവാഭാരതി സന്നദ്ധസേവനസംഘടനയുടെ ആംബുലൻസിന്റെ സാരഥിയാണ് ഇദ്ദേഹം. അഞ്ച് സ്ഥാനാർത്ഥികൾ മത്സരിച്ച നഗരസഭയിലെ ആറാം ഡിവിഷനായ മൈലാടിയിൽനിന്ന് 33 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉണ്ണിയുടെ വിജയം.
നടൻ ജഗതി ശ്രീകുമാറിന്റെ ജീവൻ രക്ഷിക്കാനായത് ഉണ്ണി ഇന്നും ഓർക്കുന്നു. 2013 മാർച്ച് പത്തിന് രാത്രി പതിനൊന്നിന് പ്രസവവുമായി ബന്ധപ്പെട്ട് സ്ത്രീയെ അത്യാസന്നനിലയിൽ കോഴിക്കോട്ടെ ആശുത്രിയിലെത്തിച്ച് തിരിച്ചുവരുമ്പോഴാണ് പാണമ്പ്ര വളവിൽ ജഗതി സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് തകർന്നുകിടക്കുന്നതു കണ്ടത്. ഓടിയെത്തി ഉണ്ണിയും കൂടെയുണ്ടായിരുന്ന രണ്ട് നഴ്‌സുമാരും ചേർന്ന് രക്തത്തിൽ കുളിച്ചുകിടക്കുന്നയാളെ സ്ട്രച്ചറിലെടുത്ത് ആംബുലൻസിൽ കയറ്റി. ആംബുലൻസിൽവെച്ചുതന്നെ നഴ്‌സുമാർ പരിചരിച്ചു. ആംബുലൻസ് വീണ്ടും കോഴിക്കോട്ടേക്ക്. രക്തം കട്ടപിടിച്ച മുഖവും ദേഹവും തുടച്ചുവൃത്തിയാക്കിയപ്പോഴാണ് ജഗതി ശ്രീകുമാറാണ് അപകടത്തിൽപ്പെട്ടതെന്നു തിരിച്ചറിയുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here