ഇന്ന് ചന്ദ്രഗ്രഹണം; കാണാം ബ്ലഡ് മൂൺ പ്രതിഭാസം
മലപ്പുറം : നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്ര ഗ്രഹണത്തിന് സാക്ഷിയാകാന്‍ ഒരുങ്ങുകയാണ് ലോകം.
ജൂലൈ 27 ന് വെള്ളിയാഴ്ചയാണ് ലോകമെങ്ങും ദൃശ്യമാകുന്ന സുദീര്‍ഘമായ ചന്ദ്രഗ്രഹണം സംഭവിക്കുക. രണ്ടു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഈ ഗ്രഹണത്തിന് വേറെയും പ്രത്യേകതകളുണ്ട്. സൂര്യനും ചന്ദ്രനും മധ്യേ കൂടി ഭൂമി കടന്നു പോകുമ്പോൾ ചുവന്നു തുടുത്ത ബ്ലഡ് മൂണ്‍ കാഴ്ച നൽകിയാണ് ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക. പൂര്‍ണ ചന്ദ്ര ഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തില്‍ കാണുന്ന ചന്ദ്രനെയാണ് ബ്ലഡ് മൂണ്‍ എന്നു പറയുന്നത്. ഈ പ്രതിഭാസമാകും വെള്ളിയാഴ്ച ദൃശ്യമാകുക. ഗ്രഹണ സമയത്ത് ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായി മറച്ചാലും സൂര്യപ്രകാശം ഭൂമിയില്‍നിന്ന് പ്രതിഫലിക്കുന്നതിലുണ്ടാകുന്ന പ്രത്യേകത കൊണ്ട് ചന്ദ്രന്റെ ചുവന്നു തുടുത്ത രൂപം ദൃശ്യമാകും. വയലറ്റ്, നീല തുടങ്ങിയ നിറങ്ങള്‍ പ്രതിഫലിക്കാതെ, ചുവപ്പുനിറം മാത്രം ചന്ദ്രനില്‍നിന്ന് പ്രതിഫലിക്കുന്നതുകൊണ്ടാണ് ചന്ദ്രന്‍ ചുവന്നു തുടുത്തു നില്‍ക്കുന്നത്. 103 മിനിറ്റ് ദൈര്‍ഘ്യമുള്ളതാകും ഇത്തവണത്തെ ഗ്രഹണമെന്നാണ് കണക്കാക്കുന്നത്. സാധ്യമായ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണത്തെക്കാള്‍ നാല് മിനിറ്റ് മാത്രം കുറവാണിത്. ലോകത്തിന്റെ പല ഭാഗങ്ങളിലും പല രീതിയിലാണ് ഗ്രഹണം കാണാന്‍ സാധിക്കുക.
രാത്രി ഏകദേശം 10.45നു ഗ്രഹണത്തിന്റെ ആദ്യഘട്ടം തുടങ്ങും. 11.45 മുതൽ അനുഭവവേദ്യമായിത്തുടങ്ങും. സമ്പൂർണഗ്രഹണം രാത്രി ഒന്നോടെ കാണാം. ഒന്നേമുക്കാൽ മണിക്കൂറോളം ഇതു നീണ്ടുനിൽക്കും.
ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞന്മാരും വാന നിരീക്ഷകരും ചാന്ദ്ര പ്രതിഭാസം കാണാൻ ഒരുങ്ങിക്കഴിഞ്ഞു ചന്ദ്രഗ്രഹണത്തോടനുബന്ധിച്ചു വിവിധ ഇടങ്ങളിൽ വാന നിരീക്ഷണനത്തിന് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here