എടപ്പാള്‍ മേല്‍പ്പാലത്തിനടിയിലെ പൊട്ടിത്തെറി: ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി
എടപ്പാള്‍: എടപ്പാള്‍ മേല്‍പ്പാലത്തിനടിയിലെ റൗണ്ട് എബൗട്ടിനുസമീപം പൊട്ടിത്തെറിയുണ്ടായ സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സ്ഥലത്തെ കടകളിലെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്. പട്ടാമ്പി റോഡില്‍നിന്ന് ബൈക്കിലെത്തിയ രണ്ടുപേർ റൗണ്ട് എബൗട്ടിനുസമീപം വാഹനം നിർത്തുന്നതിന്റെ ദൃശ്യം പൊലീസിന് ലഭിച്ചു. പിന്‍സീറ്റിലിരുന്നിരുന്നയാള്‍ റൗണ്ട് എബൗട്ടിന്റെ തറയില്‍ എന്തോ വച്ച് തീകൊടുക്കുന്ന ദൃശ്യമാണ് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. സംഘം ബൈക്കില്‍ പൊന്നാനി റോഡിലേക്ക് പോകുന്ന ദൃശ്യവും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജങ്ഷനിലെ നാലു റോഡുകളിലെയും ക്യാമറകള്‍ പരിശോധിക്കുന്നത്. പൊട്ടിത്തെറിച്ച വസ്‌തുവിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. ഇവ ലാബില്‍ പരിശോധിക്കും. പട്ടാമ്പി റോഡിലെ കടയില്‍നിന്ന് പടക്കം വാങ്ങി വരുന്നവരുടെ ദൃശ്യം പൊലീസ് ശേഖരിച്ചു. പൊട്ടിച്ചത് ഉഗ്രശേഷിയുള്ള പടക്കമാകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
താനൂര്‍ ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പൊന്നാനി സിഐ വിനോദ് വലിയാറ്റൂര്‍, പെരുമ്പടപ്പ് സിഐ വിമോദ്, ചങ്ങരംകുളം എസ്ഐ രാജേന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി കെ എം ബിജുവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച രാത്രി 7.15ഓടെയാണ് മേല്‍പ്പാലത്തിനടിയിലെ റൗണ്ട് എബൗട്ടിനുസമീപത്തുനിന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here