തെങ്കുറിശ്ശിയിലെ ദുരഭിമാനക്കൊല; കാലിഗ്രാഫിയിൽ ജാതിവെറിക്കെതിരെ പ്രതിഷേധം തീർത്ത് അനിലെഴുത്ത്
വളാഞ്ചേരി: സാക്ഷര കേരളത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ച സംഭവമായിരുന്നു പാലക്കാട് തെൻകുറിശ്ശിയിൽ 2020ലെ ക്രിസ്മസ് ദിനത്തിൽ നടന്ന ദുരഭിമാനക്കൊല. പ്രണയിച്ച് വിവാഹം കഴിച്ച മകളെ വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുമ്പെ വിധവയാക്കിയ അച്ഛനും അമ്മാവനും ചേർന്ന് നടത്തിയ നീചകൃത്യം കേരളം മറക്കാനിടയില്ല.
ജാതിവെറിയെ അതിൻ്റെ എല്ലാ വികാരങ്ങളും ഉൾകൊണ്ട് കാലിഗ്രാഫി സൃഷ്ടിയിലൂടെ വരച്ച് കാണിച്ചിരിക്കുകയാണ് വളാഞ്ചേരിയിലെ കലാകാരനായ അനിൽ കുമാർ. ചോര ചിന്തുന്ന കഠാരയിൽ ജാതീയതയെ നിറച്ച്നിർത്തിയതിൽ ആ ഹീനകൃത്യത്തെ കൃത്യമായി അനിൽ വരച്ച് കാണിക്കുന്നു. കണ്ണില്ലെന്ന് പറയുന്ന പ്രണയത്തിന് കൊല്ലാൻ വന്നവനെ കണ്ടില്ലേ എന്ന് ചോദിക്കുന്നുണ്ട് അനിൽ തൻ്റെ രചനയിൽ.നിരവധി പേരാണ് ചിത്രകാരൻ്റെ ഈ വേറിട്ട പ്രതിഷേധത്തിൽ ഐക്യദാർഢ്യപ്പെട്ട് പ്രതികരണങ്ങൾ നൽകുന്നത്.
ആലങ്കാരിക കയ്യെഴുത്തുകൾ എന്നറിയപ്പെടുന്ന കാലിഗ്രാഫാണ് അനിലെഴുത്തിൽ കൂടുതലും. സാമൂഹിക വിഷയങ്ങളിൽ വരകളിലൂടെ തന്റെ നിലപാടറിയിച്ച കലാകാരനാണ് അനിൽ. വാക്കുകൾ മനോഹരമായി തല തിരിച്ചെഴുതി വിസ്മയം സൃഷ്ടിക്കുന്ന ആംബിഗ്രാമും അനിൽ വരയ്ക്കാറുണ്ട്.
ഇതര ജാതിയിലുൾപ്പെട്ട, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാവിനെ മകൾ വിവാഹം ചെയ്തതിന്റെ വൈരാഗ്യത്തിലായിരുന്നു പെൺകുട്ടിയുടെ പിതാവും അമ്മാവനും ചേർന്ന് ഇത്തരമൊരു ഹീനകൃത്യം നടത്തിയത്. പാലക്കാട് തേങ്കുറിശിയില്‍ അനീഷ് എന്ന യുവാവ് ദുരഭിമാനക്കൊലക്ക് ഇരയായത്. അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യാപിതാവ് പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രഭുകുമാറിനെ കോയമ്പത്തൂരില്‍നിന്നാണ് പിടികൂടിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here