ഹജ്ജ് ക്വാട്ട വർദ്ധിപ്പിക്കണമെന്ന് സൌദിയോട് കേന്ദ്രം; പ്രതീക്ഷയോടെ സംസ്ഥാനത്തെ അപേക്ഷകർ
മഞ്ചേരി :ഹജ്ജ് ക്വാട്ട വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികളിൽ പ്രതീക്ഷ അർപ്പിക്കുകയാണ് സംസ്ഥാനത്തെ ഹജ്ജ് ആപേക്ഷകർ. ഇത്തവണ അപേക്ഷിച്ചവരിൽ പതിനായിരങ്ങൾക്ക് അവസരം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഹജ്ജ് തീർത്ഥാടനത്തിനു രാജ്യത്തിനനുവദിച്ച ക്വാട്ട വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരാണ് സൗദി ഭരണകൂടത്തെ സമീപിച്ചിരിക്കുന്നത്. സ്വകാര്യ ക്വാട്ട ഉൾപ്പെടെ നിലവിൽ 1,75,025 ആണ് ഇന്ത്യയുടെ മൊത്തം ക്വാട്ട. ഇത് രണ്ട് ലക്ഷമാക്കി ഉയർത്തണമെന്നാണ് ആവശ്യം. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഉയർന്നാൽ കേരളത്തിന്റെ ക്വാട്ടയിലും വർദ്ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അപേക്ഷകർ.
കഴിഞ്ഞ വർഷം തുടക്കത്തിൽ 11,197 സീറ്റുകളാണ് കേരളത്തിന് ലഭിച്ചത്. പിന്നീട് മറ്റു സംസ്ഥാനങ്ങളിൽ ഒഴിവുവന്ന സീറ്റുകൾകൂടി ഉൾപെടുത്തിയപ്പോൾ 11,478 പേർക്ക് കൂടി അവസരം ലഭിച്ചു. 43,297 അപേക്ഷകളാണ് ഈ വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു ലഭിച്ചിരിക്കുന്നത്. പഴയ ക്വാട്ട തന്നെയാണ് ലഭിക്കുകയെങ്കിൽ 30,000ൽ പരം അപേക്ഷകർക്ക് അവസരമുണ്ടാവില്ല. നേരിട്ടു അവസരം ലഭിക്കുന്ന വിഭാഗങ്ങൾക്കു പുറമെയുള്ളവരെയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക. നറുക്കെടുപ്പ് ഈ മാസം 12ന് ഉച്ചയ്ക്ക് കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും. ചരിത്രത്തിലാദ്യമായി ഇത്തവണ കേരളത്തിൽ രണ്ടു ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളാണ് ഉണ്ടാവുക. കരിപ്പൂർ വിമാനത്താവളത്തിനു പുറമെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഹജ്ജ് സർവീസുകൾ നടക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here