HomeNewsGeneralപെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടൻ

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടൻ

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടൻ

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുസംബന്ധിച്ച കമ്മിറ്റി റിപോര്‍ട്ട് നല്‍കിയാലുടന്‍ വിവാഹത്തിനുള്ള ശരിയായ പ്രായം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഞങ്ങളുടെ പെണ്‍മക്കളുടെ വിവാഹത്തിന് ശരിയായ പ്രായം തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബന്ധപ്പെട്ട കമ്മിറ്റി എന്തുകൊണ്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ചോദിച്ച് രാജ്യത്തുടനീളം പെണ്‍മക്കള്‍ എനിക്ക് കത്തെഴുതിയിട്ടുണ്ട്. റിപോര്‍ട്ട് വന്നയുടനെ നടപ്പാക്കും’-മോദി പറഞ്ഞു. ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷനുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല ബന്ധത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍നിന്ന് 21ലേക്ക് ഉയര്‍ത്താനുള്ള ശ്രമം നടക്കുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.

സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും പരിപാലിക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളുടെ പെണ്‍മക്കളുടെ ക്ഷേമത്തിനായി ഞങ്ങള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നു. ജല്‍ ജീവന്‍ മിഷനിലൂടെ എല്ലാ വീടുകളിലും വെള്ളം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഒരു രൂപയ്ക്കു സാനിറ്ററി പാഡ് നല്‍കുന്നുണ്ട്’-അദ്ദേഹം പറഞ്ഞു.

വിവാഹ പ്രായവും മാതൃത്വവും തമ്മിലുള്ള പരസ്പരബന്ധം പരിശോധിക്കാന്‍ ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സപ്റ്റംബര്‍ 22 ന് വ്യക്തമാക്കിയിരുന്നു.’ആരോഗ്യം, മെഡിക്കല്‍ ക്ഷേമം, അമ്മയുടെയും നവജാതശിശുവിന്റെയും/ശിശുവിന്റെയും/കുട്ടികളുടെയും പോഷക നിലവാരം, ഗര്‍ഭാവസ്ഥയിലും ജനനത്തിലും അതിനുശേഷവും സംബന്ധിച്ച് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക്, ആകെ ഫെര്‍ട്ടിലിറ്റി നിരക്ക്, ജനനസമയത്തെ ലൈംഗിക അനുപാതം, ശിശു ലൈംഗിക അനുപാതം, ആരോഗ്യവും പോഷകാഹാരവുമായി ബന്ധപ്പെട്ട മറ്റ് പ്രസക്തമായ കാര്യങ്ങള്‍ എന്നിവയെല്ലാം പരിശോധിക്കുന്നതായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യസഭാ എംപി സുശീല്‍ കുമാര്‍ ഗുപ്തയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ 18 വയസുള്ള സ്ത്രീകളുടെ നിയമപരമായ വിവാഹ പ്രായം സര്‍ക്കാര്‍ പുനര്‍വിചിന്തനം ചെയ്യുന്നത് വസ്തുതയാണോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!