പൂരപ്പറമ്പിൽ ആവേശമേറ്റി ചവിട്ടുകളി
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് പൂരപ്പിറ്റേന്ന് കൂട്ടായ്മയുടെ താളവുമായി പൂരപ്പറമ്പിൽ ചവിട്ടുകളി ആവേശമേറ്റി. വിവിധ സംഘങ്ങളായി എത്തിയ കളിക്കാർ വലിയ കളിവട്ടം തീർത്തു. തിങ്കളാഴ്ച രാവിലെ ഒൻപതരയ്ക്ക് പൊലിപ്പാട്ടോടെയായിരുന്നു തുടക്കം. ’തിരുമാന്ധാംകുന്നിലമ്മയുടെ പോറ്റുമക്കൾ ഞങ്ങൾ’ എന്ന പൊലിപ്പാട്ടോടെ അങ്ങാടിപ്പുറം സംഘമാണ് ആദ്യം കളത്തിലിറങ്ങിയത്. അങ്ങാടിപ്പുറം ചാമിയും പോറ്റയിൽ അപ്പുവും നേതൃത്വംനൽകി.
എതിർസംഘമായി മുള്ള്യാകുർശ്ശി കുഞ്ഞേവിയും വളാംകുളം വേലായുധനും നേതൃത്വംനൽകിയ മുള്ള്യാകുർശ്ശി സംഘവും ചുവടുവെച്ചു. തുടർന്ന് പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നായി നൂറുകണക്കിന് കളിക്കാർ താളമിട്ട് ചുവടുവെച്ചു. രാഷ്ട്രീയം അടക്കമുള്ള വിഷയങ്ങളുമായി പാട്ടും കളിയും കാണികൾക്കും ആവേശമേറ്റി. അഞ്ചുമണിക്ക് അടക്കപ്പാട്ടോടെ ചവിട്ടുകളി സമാപിച്ചു. അങ്ങാടിപ്പുറം, മുള്ള്യാകുർശ്ശി, കോട്ടോത്ത്, പള്ളിക്കുത്ത്, ചെമ്മാണിയോട്, കപ്പൂര്, മണ്ണാർമല, തച്ചനാട്ടുകര സംഘങ്ങളാണ് അണിനിരന്നത്. ഒന്നാംസ്ഥാനക്കാരായ മണ്ണാർമല അയ്യപ്പനും സംഘവും എസ്. രാമചന്ദ്രൻ മാസ്റ്റർ സ്മാരക റോളിങ് ട്രോഫി നേടി. രണ്ടാംസ്ഥാനം നേടിയ തച്ചനാട്ടുകര ഉണ്ണീരയും സംഘവും ഒ. ചാത്തുക്കുട്ടി സ്മാരക ട്രോഫിയും മൂന്നാംസ്ഥാനക്കാരായ ചെമ്മാണിയോട് വേലായുധനും സംഘവും വി.കെ. ബാലചന്ദ്രൻ മാസ്റ്റർ സ്മാരക ട്രോഫിയും കരസ്ഥമാക്കി.
നാലാംസ്ഥാനക്കാർക്കുള്ള കുഞ്ഞുകുട്ടൻ സ്മാരക ട്രോഫി കപ്പൂര് പരിയാണിയും സംഘവും നേടി. അങ്ങാടിപ്പുറം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എം. മുഹമ്മദ് ട്രോഫികൾ വിതരണംചെയ്തു. തിരുമാന്ധാംകുന്ന് ദേവസ്വം പി.ആർ.ഒ. പി. വിശ്വനാഥൻ അധ്യക്ഷനായി. വി. പദ്മനാഭൻ, കെ.സി. അയ്യപ്പൻ, കെ.സി. കുഞ്ഞേവി, പി. മനോജ്, പി. വാപ്പു, എം. ശങ്കരൻ, ടി. മുരളി തുടങ്ങിയവർ നേതൃത്വംനൽകി. ടി.എ. അഹമ്മദ് കബീർ എം.എൽ.എ., ഇടതുമുന്നണി സ്ഥാനാർഥി വി.പി. സാനു തുടങ്ങിയവരും ചവിട്ടുകളി വീക്ഷിക്കാനെത്തിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here