ചെമ്പിക്കൽ ലോക്ക് കം ബ്രിഡ്‌ജ്: നിർമാണം പൂർത്തിയായി
കുറ്റിപ്പുറം : കുറ്റിപ്പുറം-തിരൂർ റോഡിലെ ചെമ്പിക്കലിൽ ഇറിഗേഷൻ വകുപ്പ് നിർമിച്ച പുതിയ ലോക്ക് കം ബ്രിഡ്‌ജിന്റെ നിർമാണം പൂർത്തിയായി. രണ്ടാഴ്‌ചയിലേറെ നീണ്ടുനിന്ന കരാർ കമ്പനിയുടെയും ഇറിഗേഷൻ വകുപ്പ് എൻജിനിയറിങ് വിഭാഗത്തിന്റെയും വെള്ളത്തിന്റെ ചോർച്ച പരിശോധനയും വിജയകരമായി പൂർത്തിയായി. മൂന്നുമീറ്റർ ഉയരവും രണ്ടുമീറ്റർ വീതിയുമുള്ള രണ്ട് ഷട്ടറുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
രണ്ടുവർഷം മുൻപ് നിർമാണം ആരംഭിച്ചതാണ് ഈ ലോക്ക് കം ബ്രിഡ്‌ജ്. ഭാരതപ്പുഴയിൽനിന്ന് വർഷകാലത്ത് കിഴക്കുഭാഗത്തെ നെൽക്കൃഷിയിടത്തിലേക്ക് വെള്ളം കയറി കൃഷി നശിക്കാതിരിക്കാനും വേനൽക്കാലത്ത് കൃഷിക്ക് ഉപയുക്തമാക്കാൻ വെള്ളം സംഭരിച്ചു നിർത്തുന്നതിനുമായി ഇവിടെ പതിറ്റാണ്ടുകൾക്കുമുൻപ് ഒരു ലോക്ക് കം ബ്രിഡ്‌ജ് ഇറിഗേഷൻ വകുപ്പ് നിർമിച്ചിരുന്നു.
കാലപ്പഴക്കത്തിൽ ലോക്ക് കം ബ്രിഡ്‌ജിന്റെ ഷട്ടറുകൾ തകർന്നതോടെ ഇതുകൊണ്ടുള്ള പ്രയോജനം കർഷകർക്ക് ലഭ്യമല്ലാതായതോടെ പുതിയ ലോക്ക് കം ബ്രിഡ്‌ജിനായുള്ള ജനകീയ പ്രതിഷേധങ്ങൾ ഉയരുകയും തുടർന്ന് രണ്ടുവർഷം മുൻപ് ഇറിഗേഷൻ വകുപ്പ് ഒരുകോടി രൂപ പുതിയ ലോക്ക് കം ബ്രിഡ്‌ജ് നിർമാണത്തിന് അനുവദിക്കുകയുമായിരുന്നു.
ആദ്യ ലോക്ക് കം ബ്രിഡ്‌ജ് ഉണ്ടായിരുന്നിടത്തു തന്നെയാണ് പുതിയത് നിർമിച്ചത്. വേനൽ ആകുമ്പോഴേക്കും ലോക്ക് കം ബ്രിഡ്‌ജ് പ്രവർത്തനക്ഷമമായത് മേഖലയിലെ നൂറുകണക്കിന് നെൽക്കർഷകർക്ക് വലിയൊരു അനുഗ്രഹമായിരിക്കുകയാണ്. മഴക്കാലത്ത് തിരൂർ-പൊന്നാനി പുഴ, പാഴൂർ പാടശേഖരം, ചെല്ലൂർത്തോട് എന്നിവിടങ്ങളുമായി ബന്ധപ്പെട്ടുള്ള വെള്ളമാണ് ഈ കലുങ്ക് വഴി ഭാരതപ്പുഴയിലെത്തുന്നത്. ജലത്തിന്റെ ആവശ്യകതയനുസരിച്ച് ഷട്ടറുകൾ പ്രവർത്തിപ്പിക്കാനുള്ള ഉത്തരവാദിത്വം പാഴൂർ പാടശേഖര കമ്മിറ്റിക്കാണ് ഇറിഗേഷൻ വകുപ്പ് നൽകിയിരിക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here