കോട്ടപ്പടി-കുർബാനി മിനി ബൈപ്പാസ് ; കുരിശുപള്ളി പൊളിച്ച് സ്ഥലംവിട്ടു നൽകി പള്ളിക്കമ്മിറ്റി
കോട്ടയ്ക്കൽ: കോട്ടപ്പടി മുതൽ കുർബാനിവരെയുള്ള മിനിബൈപ്പാസ് നിർമാണത്തിനായി കോട്ടയ്ക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ കുരിശുപള്ളി പൊളിച്ചുമാറ്റി. മൂന്നുമീറ്റർ ആയിരുന്ന റോഡിന്റെ വീതി അഞ്ചരമീറ്ററായി വർധിപ്പിച്ചപ്പോഴാണ് റോഡിനോടുചേർന്ന കുരിശുപള്ളി വീതികൂട്ടലിന് തടസ്സമായത്. ഇതോടെ കുരിശുപള്ളി പൊളിച്ചുമാറ്റുന്നതിനേക്കുറിച്ച് പള്ളിക്കമ്മിറ്റിയുമായി അധികൃതർ ചർച്ച ചെയ്യുകയും പൊളിക്കുന്നതിന് കമ്മിറ്റി അനുവാദം നൽകുകയുമായിരുന്നു.
നാടിന്റെ വികസനത്തിൽ പള്ളിക്ക് പങ്കാളിയാകുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വികാരി ഫാ. പി.കെ. പൗലോസ് പറഞ്ഞു. പള്ളിക്ക് കോൺക്രീറ്റ് മതിൽ നിർമിച്ചുനൽകുമെന്ന് പി.ഡബ്ലു.ഡി. എക്സിക്യുട്ടീവ് എൻജീനിയർ ഷമീർ പറഞ്ഞു.
വ്യക്തികളും സ്ഥാപനങ്ങളുമടക്കം 61 ഭൂവുടമകൾ സൗജന്യമായി ഭൂമി നൽകിയാണ് മിനി ബൈപ്പാസ് നിർമാണം നടക്കുന്നത്. രാജാസ് ഹയർസെക്കൻഡറി സ്കൂൾ, പുലിക്കോട് പള്ളിക്കമ്മിറ്റി, ചങ്കുവെട്ടിക്കുണ്ട് പള്ളിക്കമ്മിറ്റി തുടങ്ങിയവരും മിനി ബൈപ്പാസിനായി ഭൂമി വിട്ടുനൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here