ശ്രുതിമോള്ക്കായി സഹപാഠികള്‍ സമാഹരിച്ചത് ഒമ്പതുലക്ഷം
വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് നാട്ടുകാര്‍, കൂട്ടുകാര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി തുടങ്ങി വിവിധ തുറകളില്‍നിന്നായി 8,87,080രൂപ സമാഹരിച്ചത്. ഒപ്പം സന്നദ്ധസംഘടനകളായ എന്‍.എസ്.എസ്, ജെ.ആര്.സി, എസ്.പി.സി എന്നിവരും കൈകോര്‍ത്തു.
കാടാമ്പുഴയില്‍ വാടകക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കരിങ്കല്‍പ്പണി ചെയ്യുന്ന രാമചന്ദ്രന്റെയും ശാന്തകുമാരിയുടെയും മൂന്ന് പെണ്മക്കളില് മൂത്തവളാണ് വളാഞ്ചേരി എച്ച്.എസ്സ്.എസ്സിലെ ശ്രുതിമോള്‍. പഠിക്കാന്‍ മിടുക്കിയായ ശ്രുതിക്ക് കരള്‍രോഗം ബാധിച്ചിട്ടുണ്ടെന്ന വിവരം രണ്ടുവര്‍ഷം മുമ്പാണ് അറിയുന്നത്. ഉള്ള വരുമാനംകൊണ്ട് ചികിത്സകള്‍ പലതും നടത്തിയെങ്കിലും രോഗം ഭേദമായില്ല.
തുടര്‍ന്ന് നാട്ടില്‍ ശ്രുതിമോള്‍ ചികിത്സാസഹായസമിതി രൂപവത്കരിച്ച് ധനസമാഹരണം തുടങ്ങുകയായിരുന്നു. ഓട്ടോറിക്ഷകളും ബസുകളും കാരുണ്യഓട്ടം നടത്തി ശ്രുതിയുടെ ചികിത്സയ്ക്കായി ആവുന്നത്ര പണം സമാഹരിക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നടന്ന ചടങ്ങില്‍ സഹായസമിതി ഭാരവാഹികളായ പി.പി. ബഷീര്‍, കെ.പി. നാരായണന്, എ.പി.മൊയ്തീന്‍കുട്ടി, സുരേഷ്കുമാര്‍ കൊളത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി.
പി.ടി.എ പ്രസിഡന്റ് സലാം വളാഞ്ചേരി, മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി പി.സുരേഷ്, പ്രിന്‍സിപ്പല്‍ എം.പി.ഫാത്തിമക്കുട്ടി, പ്രഥമാധ്യാപിക സി.കെ. ശോഭ, ടി.വി. രഘുനാഥ്, പി.സുധീര്‍, പി.ഗോവിന്ദന്, ഇ.ഹസ്സന്, പി.എം.സുരേഷ്, കെ.പി.ഇര്‍ഷാദ്, യദുകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. സഹായനിധിയിലേക്ക് 30,570 രൂപ സമാഹരിച്ച പ്ലസടുവിലെ ഷിബില എന്ന വിദ്യാര്‍ഥിനിയെ ചടങ്ങില്‍ അനുമോദിച്ചു.
അതിനിടെ കരള്‍ മാറ്റിവെയ്ക്കുന്നതുള്‍പ്പെടെയുള്ള വിദഗ്ധചികിത്സകള്ക്കും മറ്റുമായി ശ്രുതിമോളെ കൊച്ചിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
Summary: Classmates collected 9 lakhs INR for the treatment of sruthimol.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here