വളാഞ്ചേരി ഫയര്‍ സ്റ്റേഷന്‍ ശുപാര്‍ശ പരിഗണനയിൽ – മുഖ്യമന്ത്രി
വളാഞ്ചേരി:വളാഞ്ചേരി ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തെ സംബന്ധിച്ച് വകുപ്പ് മേധാവി ലഭ്യമാക്കിയ ശിപാർശ സർക്കാർ പരിശോധിച്ച് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. വട്ടപ്പാറയിൽ ഫയർ & റെസ്ക്യൂ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിനായി ഭരണാനുമതി നൽകുന്നത് വേഗത്തിലാക്കി ഫയർ സ്‌റ്റേഷൻ ഉടൻ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പൊതുമരാമത്ത് വകുപ്പിൽ നിന്നും ലഭ്യമാക്കിയിട്ടുള്ള മൂന്ന് കോടി രൂപയുടെ എസ്റ്റിമേറ്റും പ്ലാനും അംഗീകരിക്കുന്നതിനും ഭരണാനുമതി നൽകുന്നതിനുമുള്ള ശുപാർശ സർക്കാർ പരിശോധിക്കുകയും നടപ്പു സാമ്പത്തിക വർഷം ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പുതുക്കിയ ശുപാർശ ലഭ്യമാക്കുവാൻ വകുപ്പ് തലവന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം.എൽ.എയുടെ ചോദ്യത്തിനുള്ള മറുപടിയിൽ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതിന് ശേഷം ഫയർ സ്റ്റേഷൻ തുറന്ന് പ്രവർത്തിക്കുന്നതിനാവശ്യമായ വാഹനങ്ങൾ അനുവദിക്കുന്നതിനും തസ്തികകൾ സൃഷ്ടിക്കുന്നതിനുമുള്ള ശുപാർശ സമർപ്പിക്കുവാൻ വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കഴിഞ്ഞ സഭാ കാലയളവിൽ എം.എൽ.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു.
എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് വട്ടപ്പാറയിൽ ഫയർ സ്‌റ്റേഷൻനിർമ്മാണത്തിനായി അനുവദിച്ചു നൽകിയ നിർദ്ദിഷ്ട സ്ഥലം അഗ്നി രക്ഷാ വകുപ്പിന്റെ സാന്നിധ്യത്തിൽ തിരൂർ താലൂക്ക് സർവ്വെയർ അളന്നു അതിർത്തി നിശ്ചയിച്ച് നൽകുന്നതിനായുള്ള സർവ്വേ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. ഫയർസ് റ്റേഷൻ കെട്ടിട നിർമ്മാണത്തിന്റെ മുന്നോടിയായാണ് നിർദ്ദിഷ്ട സ്ഥലം റീ സർവ്വേ നടത്തി അതിർത്തി നിശ്ചയിച്ചത്.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.
ഇതിന്റെ ഭാഗമായി നിർദ്ദിഷ്ട ഭൂമിയിൽ നിന്നും പോലീസ് അധീനതയിലുള്ള തൊണ്ടി വാഹനങ്ങൾ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ മാറ്റിയിരുന്നു. വാഹനങ്ങൾ മാറ്റുന്നതിനും അഗ്നി രക്ഷാ വകുപ്പിന് നിർദ്ദിഷ്ട ഭൂമിയുടെ അതിർത്തി നിശ്ചയിച്ച് നൽകുന്നതിനുള്ള സർവ്വേ നടത്തുന്നതിനും പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ജില്ലാ കലക്ടർ, തിരൂർ തഹസിൽദാർ, ആർ.ഡി.ഒ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഫയർ സ്റ്റേഷനുള്ള ഭരണാനുമതി ലഭിച്ചത്. കാട്ടിപ്പരുത്തി വില്ലേജിലെ റീ.സ 34/4 എ-ൽപ്പെട്ട 17 ആർ (42 സെന്റ്) റവന്യു പുറമ്പോക്ക് ഭൂമിയാണ് വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി അഗ്നി രക്ഷാ വകുപ്പിന് കൈമാറിയത് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ്.
എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സംഘം സ്ഥലം സന്ദർശിക്കുകയും നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തിരുവനന്തപുരത്ത് ഫയർ &റസ്ക്യൂ സർവ്വീസസ് ഡയറക്ടർ ജനറൽ ശ്രീ. എ ഹേമചന്ദ്രനുമായി സംസാരിച്ച് നിർദ്ദിഷ്ട ഭൂമി സംബന്ധമായ കാര്യങ്ങളുടെ പുരോഗതി അറിയിക്കുകയും ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഡയറക്ടർ ജനറൽ ഡി.എഫ്.ഒ യുമായി ബന്ധപ്പെടുകയും പി.ഡബ്ല്യു.ഡി. ബിൽഡിംഗ് വിഭാഗവുമായി ബന്ധപ്പെടുന്നതിനും നിർമ്മാണാനുബന്ധ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കെട്ടിടം നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് കെട്ടിടവിഭാഗം തയ്യാറാക്കി നൽകിയ പ്ലാൻ നേരത്തെ അഗ്നി രക്ഷാ വകുപ്പ് അംഗീകരിച്ചിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here