താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച കുട്ടിയോട് ഡോക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി
കുറ്റിപ്പുറം: സ്‌കൂളിൽവെച്ച് സുഖമില്ലാതായ കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി. എടപ്പാൾ വട്ടംകുളം ചേകനൂർ സ്വദേശി സുരേഷ് ഇ. നായരാണ് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലെ ഡോ. ജാസ്‌മിന് എതിരേ ആശുപത്രി മേധാവിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതിനൽകിയത്.
കുറ്റിപ്പുറത്തെ ഗവ. ടെക്‌നിക്കൽ സ്‌കൂളിൽ പഠിക്കുന്ന കുട്ടിക്ക് ഛർദിയും തലവേദനയുമുണ്ടെന്ന് അറിയിച്ചതിനെത്തുടർന്നാണ് ഇദ്ദേഹം കുറ്റിപ്പുറത്തെ താലൂക്ക് ആശുപത്രിയിൽ കുട്ടിയെയുംകൂട്ടി ചികിത്സതേടിയെത്തിയത്. നഴ്‌സുമാർ ആവശ്യപ്പെട്ടതനുസരിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കെത്തിയപ്പോൾ ഭക്ഷ്യവിഷബാധയാണെന്നു പറഞ്ഞതോടെ ഡോക്ടർ ക്ഷുഭിതയായെന്നും പരാതിയിൽ പറയുന്നു. ഇത്തരം കേസുകൾക്ക് വിളിച്ചുവരുത്തരുതെന്നും ഒ.പിയിലേക്ക് വിട്ടാൽ മതിയെന്നും നഴ്‌സുമാരോട് ഡോക്ടർ പറഞ്ഞെന്നും പരാതിയിലുണ്ട്. ഡോക്ടറുടെ മോശം പെരുമാറ്റത്തെത്തുടർന്ന് ചികിത്സയ്ക്കായി കാത്തുനിൽക്കാതെ തിരിച്ചുപോരേണ്ടതായി വന്നുവെന്നും പരാതിയിൽ പറയുന്നു.
എന്നാൽ, പരാതി സംബന്ധിച്ച് ഡോക്ടർമാരോടും നഴ്‌സുമാരോടും അന്വേഷിച്ചെന്നും ഡോക്ടറുടെ ഭാഗത്തുനിന്ന് മോശംപെരുമാറ്റം ഉണ്ടായതായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നും വളരെ മാന്യമായി അസുഖവിവരങ്ങൾ അന്വേഷിക്കുകയാണ് ചെയ്തതെന്നാണ് ഡോക്ടർ പറഞ്ഞതെന്നും ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. വിജിത്ത് വിജയശങ്കർ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here