ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് ഭീഷണിയായി മണ്ണെടുപ്പ്; കളക്ടർക്ക് പരാതി നൽകി
ഇരിമ്പിളിയം: സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് മണ്ണെടുക്കുന്നത് സ്‌കൂളിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്നതായി പരാതി. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ നിൽക്കുന്ന കുന്നിന്റെ ചെരിവിലാണ് മണ്ണെടുപ്പ് നടക്കുന്നത്. ഈ സ്ഥലത്തിനോട് ചേർന്ന് ക്ലാസ്‌മുറികൾ പ്രവർത്തിക്കുന്നതിനാൽ മണ്ണെടുപ്പ് അത്യന്തം അപകടകരമാണെന്ന് തിരിച്ചറിഞ്ഞ് സ്കൂൾ അധികൃതരും പ്രദേശവാസികളും ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു തൊട്ടടുത്തുനിന്ന് തുടരുന്ന മണ്ണെടുപ്പിനെതിരേ ഭരണസമിതിയും ഐകകണ്ഠ്യേന എതിർപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ പൊതുപ്രവർത്തകർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ, സ്‌കൂൾ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സർവകക്ഷിയോഗവും ചേർന്നു. യോഗതീരുമാനപ്രകാരം മണ്ണെടുക്കുന്നത് നിർത്താൻ സ്ഥലമുടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസിന്റെ നേതൃത്വത്തിൽ കെ.പി. സത്താർ, കെ. മാനുപ്പ, പി.സി.എ. നൂർ, ഡോ. എം.പി. ഷാഹുൽ ഹമീദ്, ദാമോദരൻ പറമ്പത്ത് തുടങ്ങിയവർ ചേർന്ന് ജില്ലാ കളക്ടർക്ക് പരാതി നൽകി. മണ്ണെടുപ്പ് തുടർന്നാൽ ഇതിനെതിരേ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസ് പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here