പ്രായപൂർത്തിയാകാത്തവരുമായി പരസ്പര സമ്മതത്തോടെയുള്ള ശാരീരികബന്ധം പോക്സോയിലുൾപ്പെടില്ല- ബോംബെ ഹൈക്കോടതി
മുംബൈ: പ്രായപൂർത്തിയാകാത്തവരുമായി പരസ്പര സമ്മതത്തോടെയുള്ള ശാരീരികബന്ധങ്ങളിൽ അവരെ കുറ്റക്കാരാക്കാനുള്ളതല്ല പോക്സോ വകുപ്പെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജയിലിൽ കഴിയുന്ന 22-കാരന് ജാമ്യം അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. പെൺകുട്ടിയും യുവാവും തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനുജ പ്രഭു ദേശായിയുടെതാണ് വിധി.
കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽനിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കടുത്ത ശിക്ഷാവിധികളോടെയുള്ള പോക്സോ വകുപ്പ്. എന്നാൽ, പ്രായപൂർത്തിയാകാത്തവരുടെ, പ്രണയത്തോടെയുള്ളതോ പരസ്പര സമ്മതത്തോടെയുള്ളതോ ആയ ബന്ധത്തെ കുറ്റകൃത്യമാക്കിത്തീർക്കാനുള്ളതല്ലെന്നും കോടതി പറഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന അമ്മയുടെ പരാതിയിൽ 2021-ലാണ് യുവാവിനെ പോലീസ് അറസ്റ്റുചെയ്തത്. തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതോടെയാണ് കോടതി യുവാവിന് ജാമ്യം അനുവദിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here