സംസ്ഥാന ഫോട്ടോഗ്രഫി മത്സരം: ആഗസ്റ്റ് 31 വരെ എന്‍ട്രികള്‍ അയയ്ക്കാം
സംസ്ഥാന ഫോട്ടോഗ്രഫി മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. സ്ത്രീകള്‍- അതിജീവനം എന്ന വിഷയത്തിലുള്ള 18′ X 12′ വലിപ്പത്തിലുള്ള കളര്‍ ഫോട്ടോകളാണ് അയയ്‌ക്കേണ്ടത്. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയതി: ആഗസ്റ്റ് 31. ചിത്രങ്ങളില്‍ കൃത്രിമം കാണിച്ചുവെന്ന് വ്യക്തമായാല്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തുകയില്ല. മത്സരചിത്രത്തോടൊപ്പം സോഫ്റ്റ് കോപ്പിയും സമര്‍പ്പിക്കണം. ഫോട്ടോകളില്‍ മത്സരാര്‍ത്ഥികളെ തിരിച്ചറിയാനുള്ള വിലാസമോ അടയാളമോ ഉണ്ടാകരുത്. വിലാസവും ഫോണ്‍ നമ്പരും ഇ-മെയില്‍ ഐഡിയും അപേക്ഷയോടൊപ്പം നല്‍കണം.
ഫോട്ടോഗ്രഫി പ്രൊഫഷനായി സ്വീകരിച്ചവര്‍ക്കും അമച്വര്‍ ഫോട്ടോഗ്രഫര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഫോട്ടോഗ്രഫര്‍മാരായി ജോലി ചെയ്യുന്നവര്‍ക്കും പത്ര ഫോട്ടോഗ്രഫര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല. ഒന്നാം സമ്മാനം 50,000 രൂപയും രണ്ടാം സമ്മാനം 30,000 രൂപയും മൂന്നാം സമ്മാനം 25,000 രൂപയുമാണ്. കൂടാതെ സാക്ഷ്യപത്രവും ശില്പവും പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 2,500 രൂപയും സാക്ഷ്യപത്രവും ലഭിക്കും.
കേരളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. മത്സരത്തിനു ലഭിക്കുന്ന ചിത്രങ്ങള്‍ തിരികെ നല്‍കുകയില്ല. മത്സരവുമായി ബന്ധപ്പെട്ട് ഒരുവിധത്തിലുളള കത്തിടപാടുകളും അനുവദനീയമല്ല. എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട വിലാസം: ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695001. അയയ്ക്കുന്ന കവറിനു പുറത്ത് സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡ്-2018 എന്നു രേഖപ്പെടുത്തണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here