എടയൂരിലെ ജുബൈരിയ വധം; പ്രതിക്ക് ഇരട്ട ജീവപര്യന്തം
മഞ്ചേരി ∙ ഭാര്യാസഹോദരിയെ പാലത്തിൽനിന്നു തോട്ടിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ പ്രതി അരക്കുപറമ്പ് പള്ളിക്കുന്ന് വെല്ലടിക്കാട്ടിൽ അബ്ദുറഹിമാന് (63) ഇരട്ട ജീവപര്യന്തം തടവ്. എടയൂർ പൂക്കാട്ടിരി പടുത്തുകുളങ്ങര ഹംസഹാജിയുടെ മകൾ ജുബൈരിയ(46)യെ കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ. കൊലക്കുറ്റത്തിനു ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ആഭരണം കവർന്നതിനു ജീവപര്യന്തം തടവും തെളിവ് നശിപ്പിച്ചതിന് 7 വർഷം തടവും 20,000 രൂപ പിഴയുമാണ് ഒന്നാം സെഷൻസ് കോടതി വിധിച്ചത്. ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ അടയ്ക്കാത്തപക്ഷം ഒരു വർഷംകൂടി തടവ് അനുഭവിക്കണം.
2015 ഓഗസ്റ്റ് 6ന് ആണ് കേസിനാസ്പദമായ സംഭവം. വീട്ടിൽനിന്ന് ആറേകാൽ പവൻ സ്വർണാഭരണം മോഷണം പോയതിനു പിന്നിൽ താനാണെന്നു പുറത്തറിയാതിരിക്കാനാണു പ്രതി കുറ്റം ചെയ്തത്. കൊലപാതകത്തിനു ശേഷം, ജുബൈരിയയുടെ ദേഹത്തുണ്ടായിരുന്ന ആഭരണവും കവർന്നു. വളാഞ്ചേരി സിഐ കെ.ജി.സുരേഷ് ചാർജ് ചെയ്തതാണ് കേസ്. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. 1995ൽ ആദ്യ ഭാര്യ കൊല്ലപ്പെട്ട കേസിൽ റിമാൻഡിലായ അബ്ദുറഹിമാനെ തെളിവില്ലാത്തതിനാൽ കോടതി വിട്ടയയ്ക്കുകയായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here